
നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 24ന് തിയറ്ററുകളില്‍ എത്തും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന്, മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജുവിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് ഏവരും. ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. 'ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം, ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ കഴിയുമെന്ന് 'നായാട്ടി'ലൂടേയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്‍റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്.
സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും 'മറന്നാടു പുള്ളേ..' എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്‍റെ നായികയായി 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്.
ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മൂന്ന് വർഷം, അത്യധ്വാനത്തിൻ്റെ കഠിനനാളുകൾ; ഒടുവിൽ കത്തനാർക്ക് പാക്കപ്പ്, കുറിപ്പുമായി ജയസൂര്യ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ