'പത്തുലക്ഷം ചെലവാക്കിയിട്ടും മമ്മൂട്ടി പുറത്തു പറഞ്ഞില്ല', മുൻ മന്ത്രിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

Published : Dec 18, 2023, 04:27 PM IST
'പത്തുലക്ഷം ചെലവാക്കിയിട്ടും മമ്മൂട്ടി പുറത്തു പറഞ്ഞില്ല', മുൻ മന്ത്രിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

Synopsis

നടൻ മമ്മൂട്ടിയുടെ സഹായ മനസ്‍കതയെ കുറിച്ച് മുൻ മന്ത്രി വെളിപ്പെടുത്തിയ സംഭവം ചര്‍ച്ചയാകുന്നു.

നിരാലാംബയായ ഒരു വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നിൽ ചെയ്‍ത് കൊടുത്തിട്ട് ഒറ്റ അക്ഷരം പുറത്ത് പറയാതിരുന്ന മമ്മൂട്ടിയെ കുറിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. പബ്ലിസിറ്റിക്ക് ഓടിനടക്കുന്ന ആളുകളുള്ളപ്പോള്‍ മമ്മൂട്ടി തന്റെ ജീവ കാരുണ്യ് മേഖലയിൽ പുലർത്തുന്ന വിശുദ്ധി എടുത്ത് പറയുന്ന ഫേസ്‍ബുക്ക്‌ പോസ്റ്റ്‌ ആണ് ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചത്.  മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ച് ആലുവ രാജഗിരി ആശുപത്രി നടപ്പാക്കുന്ന ഹൃദയ വാൽവ് ശസ്ത്രക്രിയാ പദ്ധതിയായ 'ഹൃദ്യം ' പദ്ധതിയിലൂടെ ജീവിതം തിരിച്ചുപിടിച്ച തിരുവനന്തപുരം സ്വദേശിനി ബിന്ദുവിന്റെ അനുഭവ കഥയാണ് ജോസ് തെറ്റയിൽ പങ്കുവച്ചത്. നിരവധി പേരാണ് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുന്നത്.

ജോസ് തെറ്റയിലിന്റെ കുറിപ്പ്.

ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്.. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവർ.  പറയുന്നത് മറ്റ് ആരെയും കുറിച്ചല്ല. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന്  സൗജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാൾ വലിയ മനുഷ്യസ്നേഹി! ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. "പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാ തിരുന്ന മമ്മൂട്ടി ഒരു വിസ്‍മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ.അനിൽ നാഗേന്ദ്രന്റെ ഒരു ഫോൺ കോൾ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തിൽ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല,  വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുമ്പ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്ട്രോക്കാ.ി ഒരു വശം തളർന്നിരിക്കുന്ന അവസ്ഥയിൽ ഭർത്താവ് ശ്രീകുമാറിന് ബിന്ദുവിന്റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല. കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു. വിവിധ സംഘടനകൾക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും, ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും, സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനിൽ നാഗേന്ദ്രൻ ഫോൺ കട്ട് ചെയ്‍തത്.  കാരണം വേറെയൊന്നുമല്ല, ബിന്ദുവിന് വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചിലവ് വരുന്ന സങ്കീർണമായ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷെ അതിൽ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവൻ തന്നെ അപകടത്തിൽ ആക്കുമെന്നതിനാൽ സമാന്തരമായി മറ്റൊരു വഴി തേടാൻ ഞാൻ തീരുമാനിച്ചു.

ആ ചിന്തയിലാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്ന് വന്നത്. ഞാൻ ലോ കോളേജിൽ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്ന ആ പയ്യന്റെ. അവിടെ ചെത്തി നടന്നിരുന്ന സർവ്വ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളേജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങൾ കീഴടക്കിയ പഴയ ആ കൗമാരക്കാരൻ. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാർ മമ്മൂട്ടി. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബർക്ക് കൈത്താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്ണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാൾ എന്ന നിലയിലും, പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ 'കാഴ്ച്ച ' പദ്ധതിയുടെ തുടക്കം മുതൽ കൂടെ നിന്ന ആൾ എന്ന നിലയിലും, ലോ കോളേജിലെ പഴയ സീനിയറിന്റെ സ്വാതന്ത്ര്യത്തോടും ഞാൻ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു. അടിയന്തരസാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്‍മയിപ്പിച്ചത്.

ബിന്ദുവിന്റെ ശസ്ത്രക്രിയയും, ചികിത്സയും അതിവേഗതയിൽ ഏറ്റെടുക്കാൻ തന്റെ ഓഫീസിന് നിർദ്ദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും  തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതിയിൽ തന്നെ ഈ ശസ്ത്രക്രിയ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാർഡിയാക് സർജൻമാരിൽ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിൽ വിദ്ഗദ ഡോക്ടർമാരുടെ സംഘം സർജറി എല്ലാം വിജയകരമായി പൂർത്തിയാക്കി. ഇന്ന് ബിന്ദു പരിപൂർണ ആരോഗ്യവതിയായി വെഞാറമൂടിലെ വീട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു. ഇത്രയും വലിയ തുക മുടക്കിയ ഒരു ജീവ കാരുണ്യം ആകുമ്പോൾ അത് നാളെ മാധ്യമങ്ങളിൽ വരും, പുറം ലോകം അറിഞ്ഞോളും എന്ന് ഞാൻ വിചാരിച്ചു. മൂന്ന് മാസം ഞാൻ കാത്തിരുന്നു , പക്ഷെ ഒന്നും സംഭവിച്ചില്ല! ഇതേപ്പറ്റി മമ്മൂട്ടിയുടെ ഈ ജീവകാരുണ്ണ്യം കൈകാര്യം ചെയ്യുന്നവരുമായിരുന്നു ഞാൻ സംസാരിച്ചു. അവരുടെ മറുപടി എനിക്ക് മറ്റൊരു അശ്ചര്യമായി. സഹായം ചെയ്യുന്നത് ഒരിക്കലും. വിളിച്ചു പറയുന്നത് അദ്ദേഹത്തിന് ഇഷ്‍ടമല്ല, പക്ഷേ പദ്ധതികൾ തുടങ്ങുമ്പോൾ എല്ലാവരെയും അറിയിക്കാറുണ്ട്. അത് ഗുണഭോക്താക്കൾക്ക് സഹായകമാകാൻ വേണ്ടി മാത്രം ആണ് എന്നായിരുന്നു മറുപടി. പക്ഷെ ഇത് നിങ്ങൾ  അറിയണമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ഞാൻ ഇത് എഴുതിയത്. എന്തായാലും നന്ദി മിസ്റ്റർ മമ്മൂട്ടി. പതിനായിരങ്ങൾക്ക് കൈത്താങ്ങായി നിങ്ങൾ ഇനിയും വിളങ്ങട്ടെ.

Read More: റിലീസിനുമുന്നേ കേരളത്തില്‍ സലാര്‍ കോടി കളക്ഷൻ നേടി, ഷാരൂഖിന് നിരാശ, ഡങ്കിക്ക് ലഭിച്ചത് ഇത്ര മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'