'ഇനിയെങ്കിലും കിടപ്പാടങ്ങൾ ശവമാടങ്ങൾ ആക്കാതിരിക്കുക'; നെയ്യാറ്റിൻകര സംഭവത്തിൽ ജോയ് മാത്യു

By Web TeamFirst Published Dec 30, 2020, 5:56 PM IST
Highlights

നിയമത്തിന് കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണമെന്നും ജോയ് മാത്യു കുറിക്കുന്നു.

നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മരടിലെ ഫ്‌ളാറ്റിലെ 'ദരിദ്രരായ' അന്തേവാസികളെ ഒഴിപ്പിക്കുവാൻ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനിൽക്കാൻ കഴിയുന്നത്ര സഹനശേഷിയുള്ള പൊലീസിന് എന്തുപറ്റിയെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. 

ദയവായി കിടപ്പാടങ്ങൾ ഇനിയെങ്കിലും ശവമാടങ്ങൾ ആക്കാതിരിക്കുക. നിയമത്തിന് കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണമെന്നും ജോയ് മാത്യു കുറിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കിടപ്പാടങ്ങൾ ശവമാടങ്ങൾ ആക്കരുത്

നെയ്യാറ്റിൻകര വീണ്ടും കേരളത്തെ കരയിക്കുന്നു .മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ള നിർദ്ദാക്ഷിണ്യ നിയമത്തിൽ വെന്ത് പോയത് രാജനും അമ്പിളിയും ;അനാഥരായതോ രണ്ടുമക്കളും !കോടതിവിധി നടപ്പാക്കാൻ പോലീസിന്നധികാരമുണ്ട് ,പ്രത്യേകിച്ചും വിപ്ലവ ഗവർമെന്റിന്റെ പൊലീസിന് .അതുകൊണ്ടാണ് സ്റ്റേ ഓർഡർ വരുന്നതുവരെ കാത്തുനിൽക്കാൻ പൊലീസിന് സമയമില്ലാതെപോയത് !ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു ഭീഷണി മുഴക്കിയപ്പോഴേക്കും പൊലീസിന് അവരെ അനുനയിപ്പിക്കാനോ തിരിച്ചുപോകാനോ സാധിക്കാത്തത്ര ധൃതിയായിരുന്നു .

അതുകൊണ്ടാണ് തീയുളള ലൈറ്റർ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചതും അത് ദുരന്തമായി മാറിയതും .പോലീസുകാരൻ ബോധപൂർവ്വം അവരെ അഗ്നിക്കിരയാക്കി എന്ന് ഞാൻ കരുതുന്നില്ല,അബദ്ധത്തിൽ സംഭവിച്ചതായിരിക്കാം.പക്ഷെ ഒരു നിമിഷം പോലീസുകാരനും മനുഷ്യനാകാമായിരുന്നു. കുടിയിറക്ക് എന്ന ദുഷ്ടതയുടെ കാവലാൾ ആകുന്ന പോലീസ് സേനയുടെ ശുഷ്കാന്തിയെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടത് . മരടിലെ ഫ്‌ളാറ്റിലെ 'ദരിദ്രരായ' അന്തേവാസികളെ ഒഴിപ്പിക്കുവാൻ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനിൽക്കാൻ കഴിയുന്നത്ര സഹനശേഷിയുള്ള പൊലീസിന് ഇപ്പോഴെന്തുപറ്റി ?(സുപ്രീം കോടതി പക്ഷെ ബോംബുമായാണ് വന്നത് .അന്ന് മരടിൽ നിന്നും ഓടി രക്ഷപ്പെട്ടതാണ് മരട് സംരക്ഷണ വിപ്ലവകാരികളും പോലീസും ).

പള്ളിത്തർക്കത്തിൽ കണ്ട തമാശകളിൽ ഒന്നാണല്ലോ ഒരുവൻ പെട്രോൾ ആണെന്ന് പറഞ്ഞു പച്ചവെള്ളംനിറച്ച ടിൻ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തി ചാടും എന്ന് ആക്രോശിച്ചാടിയതുമായ നാടകം ! ഒരു ആത്മഹത്യാ ശ്രമത്തിനുള്ള കേസോ അവന്റെ ചന്തിക്ക് നാലുപെടയോ നല്കാനാവാത്ത പൊലീസിനു മൂന്നു സെന്റുകാരന്റെ ചട്ടിയും കലവും എറിഞ്ഞുടക്കാനാണ് ഇപ്പോൾ വീര്യം !.പോലീസ് ജോലിചെയ്യുന്ന വ്യക്തികളെ കുറ്റപ്പെടുത്തുകയല്ല ,പോലീസിനെ നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ചെയ്തികളാണ് ഇവിടെയും വില്ലൻ എന്ന് പറയുകയാണ് .

പോലീസുകാരിൽത്തന്നെ മനുഷ്യത്വമുള്ളവരുമുണ്ട് എന്ന് നമുക്ക് കാണിച്ചുതന്ന ഒരു പോലീസുകാരനെ ഞാനിപ്പോൾ ഓർക്കുകയാണ്.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ അൻസൽ.

രോഗിയായ അമ്മയേയും സ്കൂൾ വിദ്യാർത്ഥിനിയായ മകളേയും ഒറ്റ മുറി വീട്ടിൽ നിന്നും 2017 ൽകോടതി വിധി നടപ്പാക്കാനായി മനസില്ലാ മനസോടെ ഒഴിപ്പിച്ചിട്ടും അവർക്ക് പുതിയൊരു അഭയം കണ്ടെത്തി നൽകിയ എസ് ഐ അൻസൽ കേരളാപോലീസ് സേനയുടെ അഭിമാനമാണ്‌ .

കിടപ്പാടം നഷ്ടപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയ്ക്കും മകൾ സൈബയ്ക്കും അൻസൽ അഭയം നൽകിയത് എങ്ങനെയാണെന്നോ ?അയാൾ മുൻകൈയെടുത്ത് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വീട്ടിലേക്ക് ബബിതയെയും മകൾ സൈബയെയും മാറ്റിപാർപ്പിച്ചിട്ടാണ്.അത്തരം മഹത് കർമ്മങ്ങൾ ഏറ്റെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരും നമുക്കുണ്ട് എന്നതും മറക്കാൻ പാടില്ല .

എന്നാൽ അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടർ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല എന്ന് പോലീസ് മുതലാളിമാർ ഇനിയെങ്കിലും മനസ്സിലാക്കുക. ദയവായി കിടപ്പാടങ്ങൾ ഇനിയെങ്കിലും ശവമാടങ്ങൾ ആക്കാതിരിക്കുക. നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണം.

 

 

 

click me!