'ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക്'; ക്യാംപെയ്‍നില്‍ അണിചേര്‍ന്ന് ജൂഡ് ആന്‍റണി ജോസഫ്

By Web TeamFirst Published May 16, 2021, 12:21 PM IST
Highlights

ദുരിതകാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ മടിച്ചുനില്‍ക്കാതെ സഹായം ചോദിക്കാന്‍ അഭ്യര്‍ഥിച്ചുള്ളതാണ് ക്യാംപെയ്‍ന്‍

കൊവിഡ് സാഹചര്യത്തില്‍ തൊഴിലും വരുമാനവും നഷ്‍ടമായവര്‍ നിരവധിയാണ്. ആദ്യതരംഗത്തില്‍ നിന്ന് കരകയറുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ട സമയത്താണ് ഒരു വര്‍ഷത്തിനിപ്പുറം കൊവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാവുന്നത്. പിന്നാലെ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുള്ള പേമാരിയും കടല്‍ക്ഷോഭവും. സര്‍ക്കാരിന്‍റെ കൈത്താങ്ങിനൊപ്പം നിരവധി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൂട്ടായ്‍മ രൂപീകരിക്കാനും ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കാനും സമൂഹമാധ്യമങ്ങളിലും നിരവധി ക്യാംപെയ്‍നുകള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഒരു ക്യാംപെയ്‍നിന്‍റെ ഭാഗമായിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫും. 

#JoinTheCause, #CopyAndPasteIfYouCanAndAreWillingToHelp എന്നീ ഹാഷ്‍ടാഗുകളില്‍ ആരംഭിച്ച ക്യാംപെയ്‍നിന്‍റെ സന്ദേശമാണ് ജൂഡ് ആന്‍റണിയും സ്വന്തം ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ദുരിതകാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ മടിച്ചുനില്‍ക്കാതെ സഹായം ചോദിക്കാന്‍ അഭ്യര്‍ഥിച്ചുള്ളതാണ് ഈ ക്യാപെയ്‍നിന്‍റെ സന്ദേശം. "ഈ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ജോലിക്കു പോകാൻ പറ്റാത്തവരോ വരുമാനം ഇല്ലാത്തവരോ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരോ ആണെങ്കിൽ മടിക്കേണ്ട, പ്രൈവറ്റ് മെസ്സേജായി നിങ്ങളുടെ വിലാസം മാത്രം അയച്ചാൽ മതി. ഭക്ഷണ കിറ്റ് വീട്ടിലെത്തിയിരിക്കും. ഈ നന്മയിൽ എല്ലാവര്‍ക്കും പങ്കാളികളാകാം. ഈ മെസേജ് നിങ്ങളുടെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യൂ. നിങ്ങൾക്ക് വരുന്ന പ്രൈവറ്റ് മെസേജുകൾക്കു നിങ്ങളെക്കൊണ്ട് ആകുന്ന രീതിയിൽ സഹായിക്കൂ", എന്നാണ് ക്യാംപെയ്‍നിന്‍റെ ഭാഗമായുള്ള സന്ദേശം. വലിയ പ്രതികരണമാണ് ഫേസ്ബുക്കില്‍ ഈ ക്യാംപെയ്‍നിന്ന ലഭിക്കുന്നത്. 

click me!