Latest Videos

'സോണി ലിവിന്‍റെ ഡീല്‍ ദൈവാനുഗ്രഹമായി കണ്ടതിന് കാരണമുണ്ട്'; ജൂഡ് പറയുന്നു

By Web TeamFirst Published Jun 6, 2023, 4:35 PM IST
Highlights

"സിനിമ റിലീസിന് മുൻപ് നിർമ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്"

2018 സിനിമ ഒടിടി റിലീസ് സംബന്ധിച്ച് തിയറ്ററുകാരുമായുള്ള കരാര്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ സൂചനാ പണിമുടക്ക് നടത്തുകയാണ്. ഇതുപ്രകാരം നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവില്‍ നിന്ന് ഒരു ഡീല്‍ വന്നപ്പോള്‍ ദൈവാനുഗ്രഹമായാണ് താന്‍ കണ്ടതെന്ന് സോഷ്യല്‍ മീഡിയയില്‍ ജൂഡ് കുറിച്ചു.

"തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അതുകൊണ്ടാണ് സോണി ലിവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹമായി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. ഇത് ബിസിനസിന്‍റെ ഒരു ഭാഗമാണ്. റിലീസിന് മുന്‍പുതന്നെ ഞങ്ങളുടെ ചിത്രത്തെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു, ഞങ്ങളുടെ സ്നേഹിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. തിയറ്റര്‍ ഉടമകളോടും പ്രേക്ഷകരോടും, നിങ്ങളാണ് യഥാര്‍ഥ നായകര്‍", എന്നാണ് ജൂഡിന്‍റെ കുറിപ്പ്.

സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണ. 2018 സിനിമയുടെ നിര്‍മ്മാതാവ് ഇത് ലംഘിച്ചുവെന്നാണ് തിയറ്റര്‍ ഉടമകളുടെ ആക്ഷേപം. മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ജൂണ്‍ 7 ന് ആണ്. അതായത് തിയറ്റര്‍ റിലീസിന്‍റെ 34-ാം ദിവസമാണ് ഒടിടി റിലീസ്. ഇതാണ്  തിയറ്റര്‍ ഉടമകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. 

ALSO READ : 35 വര്‍ഷങ്ങള്‍, ഇഴ മുറിയാത്ത ബന്ധം; വൈറല്‍ ആയി മോഹന്‍ലാല്‍- മമ്മൂട്ടി കുടുംബചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!