'വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാൻ കഴിയില്ല', ലൈവ് വീഡിയോയുമായി ജൂഡ് ആന്‍റണി ജോസഫ്

By Web TeamFirst Published Aug 9, 2019, 10:16 AM IST
Highlights

'കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാർത്ത വരാൻ നോക്കി നിൽക്കാതെ ഉണർന്നു പ്രവർത്തിക്കുക'

പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. ആലുവ, ദേശം എന്ന സ്ഥലത്താണ് ചിത്രത്തിന്റെ എഴുത്ത് നടക്കുന്നത്. ആലുവ മണപ്പുറം ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം കയറിയതിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ ജൂഡ് ആന്റണി പങ്കുവച്ചിരുന്നു. എന്നാൽ  ചിത്രം കഴിഞ്ഞ വർഷത്തെയാണോ എന്നായിരുന്നു ആളുകളുടെയും സംശയം. ഇതോടെ സ്ഥലത്തെ ഗുരുതരമായ സാഹചര്യം വിവരിച്ച് ജൂഡ് തന്നെ രംഗത്തുവന്നു. ആലുവയിൽ താനിപ്പോൾ നിൽക്കുന്ന ഫ്ലാറ്റിൽ നിന്നെടുത്ത ചിത്രമാണതെന്നും വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

ജൂഡിന്റെ വാക്കുകൾ

ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്ലാറ്റിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവച്ചതും. അത് കഴിഞ്ഞ വർഷത്തെ ഫോട്ടോ ആണോ എന്നു ചോദിച്ച് പലരും കമന്റ് ചെയ്തിരുന്നു. അതുകൊണ്ടാണ് ലൈവ് വരാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാർത്ത വരാൻ നോക്കി നിൽക്കാതെ എല്ലാവരും ഉണർന്നു പ്രവർത്തിക്കുക. വീട്ടിൽ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചുവെന്നും വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാൻ കഴിയില്ലെന്നും ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ജൂഡ് ആന്റണി പറയുന്നു. പ്രളയം പ്രമേയമാക്കി ഒരുക്കുന്ന '2403 ഫീറ്റ്' എന്ന ചിത്രമാണ് ജൂഡിന്റെ പുതിയ സിനിമ. ജൂഡ് ആന്‍റണിക്കൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.  ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്മാന്‍. 

click me!