
വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച 'തുടക്കം' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിന കളക്ഷനായി ആഗോളതലത്തിൽ 3 കോടിയോളം ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും തുടക്കത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിന്റെ ഭാഗമാണ്.
ഇപ്പോഴിതാ മോഹൻലാലുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിനെ കുറിച്ച് ജൂഡ് ആന്റണി ജോസഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും വച്ച് താൻ ഒരു ബോളിവുഡ് സിനിമ പ്ലാൻ ചെയ്തിരുന്നെന്നും എന്നാൽ മോഹൻലാലിനെ സെക്കന്ററി ആക്ടർ എന്ന നിലയിൽ പ്രൊഡക്ഷൻ ഹൗസ് പരിഗണിച്ചതോടെ താൻ ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്നാണ് ജൂഡ് ആന്റണി പറയുന്നത്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം.
"അതിന്റെ ഏകദേശ സ്‌ക്രിപ്റ്റ് പൂർത്തിയായതായിരുന്നു. പ്രൊഡക്ഷന്‍ ഹൗസുമായി കഥയും ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് ആ കഥയില്‍ ലാല്‍ സാറിനും റോളുണ്ടായിരുന്നു. പ്രധാനപ്പെട്ട റോളിലായിരുന്നു ലാല്‍ സാറിന്റെ ക്യാരക്ടര്‍. പക്ഷേ, തിരക്കഥ പൂർത്തിയാക്കി വരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഞാന്‍ അവരുടെ മുന്നിലേക്ക് ഒരു ഡിമാന്‍ഡ് വെച്ചു. സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്യാം. പക്ഷേ, ലാല്‍ സാറിനെക്കൊണ്ട് ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യിക്കണം എന്നായിരുന്നു എന്റെ ഡിമാന്‍ഡ്." ജൂഡ് ആന്റണി പറയുന്നു.
"അപ്പോള്‍ അവര്‍ പറഞ്ഞത് 'ആദ്യം സ്‌ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ' എന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ലാല്‍ സാറിനെ അവര്‍ സെക്കന്‍ഡറി ആര്‍ട്ടിസ്‌റ്റെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല. ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി. ഇ മെയിലിലൂടെയായിരുന്നു ഈ കോണ്‍വര്‍സേഷന്‍. അവര്‍ ഒരു മെയില്‍ ഇങ്ങോട്ടയക്കും, ഞാനൊരെണ്ണം തിരിച്ചയക്കും. അങ്ങനെ എന്റെ ലോയറിനെ കൂടെക്കൂട്ടിയാണ് അതില്‍ നിന്ന് പിന്മാറിയത്. അവസാനം അവരെക്കൊണ്ട് ഒരു നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെപ്പിച്ചു." ജൂഡ് ആന്റണി കൂട്ടിച്ചേർത്തു.
അതേസമയം തുടക്കം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ