
അലി അക്ബര്‍ സംവിധാനം ചെയ്‍ത ജൂനിയര്‍ മാൻഡ്രേക്ക് മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. ജഗദീഷിന്റെയും ജഗതിയുടെയുമൊക്കെ കോമഡി നമ്പറുകളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ജൂനിയര്‍ മാൻഡ്രേക്കിന് ഇന്നും പ്രേക്ഷകരുണ്ട്. ജഗതിയുടെ ഉടല്‍ മുഴുവൻ മണ്ണിട്ട് മൂടിയിട്ടുള്ള ഒരു രംഗം സിനിമയില്‍ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതാണ്. ആ രംഗം എങ്ങനെയാണ് ചിത്രീകരിച്ചത് എന്ന കാര്യമാണ് ഇപ്പോള്‍ സിനിമപ്രേക്ഷകരുടെ ചര്‍ച്ച.
ജൂനിയര്‍ മാൻഡ്രേക്കിലെ ചിരി രംഗങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെയെന്ന് ക്യാമറാമാനായ ലാലു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തിരക്കഥയില്‍ ഇല്ലാത്ത രംഗങ്ങള്‍ പോലും ചിത്രീകരിച്ച അനുഭവം. ഇക്കാര്യത്തെ കുറിച്ച് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. ഇപ്പോഴിതാ സുനില്‍ എന്ന പ്രേക്ഷകനാണ് അക്കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മയിലെത്തിക്കുന്നത്. ലാലു പറഞ്ഞതിനെ കുറിച്ചാണ് സുനില്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
ചെറുപ്പം മുതൽ സിനിമയിലെ ചില സീനുകൾ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്‍തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളിൽ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാൻ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂർണമായും മണ്ണിലിറക്കിയാണോ അതോ മറ്റു വല്ല മാർഗങ്ങൾ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്
ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു, ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നല്ലതാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്
അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ ജെസിബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും
അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതുപയോഗിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്‍ടി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.
എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും. തീരുമാനിച്ച പോലെ ഞങ്ങൾ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധ കിട്ടാത്ത ഇടത്ത് കൊണ്ടുവന്നു. ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു. ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു. ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ