
വമ്പൻ ഹിറ്റായ ആർആർആറിന്റെ വിജയത്തിന് ശേഷം, അടുത്ത ബിഗ് ടിക്കറ്റ് ആക്ഷൻ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് ജൂനിയർ എൻടിആർ. 'എൻടിആർ 30'യിലൂടെ(NTR 30) ജനതയുടെ മുഖമായി വരാനാണ് ഒരുക്കം. ഇപ്പോഴിതാ താരത്തിന് പിറന്നാൾ സമ്മാനമായി മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. രക്തക്കറ പുരണ്ട കഥാപരിസരമാണ്. ആദ്യ കാഴ്ചയിൽ തന്നെ ഭയവും ധൈര്യവും തമ്മിലുള്ള പോരാട്ടമാണ്, അരിവാൾ കത്തിയും കോടാലിയും പിടിച്ച് നിൽക്കുന്ന എൻടിആർ ജൂനിയറാണ് പോസ്റ്ററിൽ. ഭയത്തെ വ്യക്തിപരമാക്കി, തീം മോഷൻ പോസ്റ്ററിലെ വിവരണത്തിന് താരം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ മിന്നൽ പോലെ താരംഗമായ ജൂനിയർ എൻടിആർ നായകനാകുന്ന ഈ ചിത്രം ഹീറോയിസത്തിന്റെ പ്രതിരൂപമാകുമെന്ന് വാഗ്ദാനം ചെയ്യുന്നതായി അണിയറ പ്രവർത്തകർ പറയുന്നു. ഗംഭീര തിരക്കഥയും മാസ്സ് ഘടകങ്ങളും ഉള്ള ചിത്രം സിനിമാപ്രേമികൾക്ക് ഒരു വിരുന്നായിരിക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് കൊരട്ടാല ശിവ.
ജനതാ ഗാരേജിന് ശേഷം മാൻ ഓഫ് ദി മാസ്സ് എൻടിആർ ജൂനിയറും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കൊരട്ടാല ശിവയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'എൻടിആർ 30'. നന്ദമുറി കല്യാൺറാം അവതരിപ്പിച്ച്, യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സിന്റെ ബാനറിൽ മിക്കിളിനേനി സുധാകർ, ഹരി കൃഷ്ണ കെ എന്നിവർ നിർമ്മിച്ച്, കൊരട്ടാല ശിവ സംവിധാനം ചെയ്ത്, അനിരുദ്ധിന്റെ സംഗീതത്തിൽ, എൻടിആർ ജൂനിയറിനെ നായകനാക്കി, എൻടിആർ 30 ഉടൻ തിയേറ്ററുകളിലെത്തും. പി ആർ ഒ - ആതിര ദിൽജിത്ത്.