
സിനിമയെന്ന മാധ്യമത്തിന് ഏത് കാലത്തും ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം ഏറെ വലുതാണ്. ഒരു സിനിമയില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ആളെപ്പോലും ജനം ഓര്‍ത്തിരിക്കും. ഇപ്പോഴിതാ അത്തരത്തില്‍ ഒരാളുടെ ദശാബ്ദങ്ങള്‍ക്കിപ്പുറമുള്ള മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാപ്രേമികള്‍. വിജയ് ആന്‍റണിയെ നായകനാക്കി അരുണ്‍ പ്രഭു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശക്തി തിരുമകന്‍ എന്ന ചിത്രത്തിലൂടെയാണ് ആ തിരിച്ചുവരവ്. അതും ഒന്നും രണ്ടുമല്ല, നീണ്ട 43 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ആ നടന്‍ തിരശ്ശീലയിലേക്ക് വീണ്ടും എത്തുന്നത്.
കണ്ണന്‍ എന്ന നടനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഭാരതിരാജയുടെ സംവിധാനത്തില്‍ 1982 ല്‍ പുറത്തിറങ്ങിയ കാതല്‍ ഓവിയം എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറിയ ആളായിരുന്നു കണ്ണന്‍. റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിനുവേണ്ടി ഇളയരാജ ഒരുക്കിയ പാട്ടുകള്‍ വന്‍ ഹിറ്റുകള്‍ ആയിരുന്നു. എന്നാല്‍ പാട്ടുകള്‍ക്ക് ലഭിച്ച സ്വീകാര്യത സിനിമയ്ക്ക് തിയറ്ററുകളില്‍ ലഭിച്ചില്ല. എന്നാല്‍ കണ്ണന്‍റെ പ്രകടനം പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ഒരു ചെറിയ കാലം നീണ്ട അഭിനയജീവിതം അവസാനിപ്പിച്ച കണ്ണനെ 43 വര്‍ഷങ്ങളുടെ പ്രായവ്യത്യാസത്തിന് ഇപ്പുറമാണ് പ്രേക്ഷകര്‍ വീണ്ടും കാണാന്‍ ഒരുങ്ങുന്നത്.
ശക്തി തിരുമകനില്‍ വിജയ് ആന്‍റണി അവതരിപ്പിക്കുന്ന കിട്ടു കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള റോള്‍ കണ്ണന്‍റേത് ആണ്. പൊളിറ്റിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വാഗൈ ചന്ദ്രശേഖര്‍, സെല്‍ മുരുകന്‍, തൃപ്തി രവീന്ദ്ര, കൃഷ് ഹാസന്‍, കിരണ്‍ റാത്തോഡ്, റിനി ബോട്ട്, റിയ ജിത്തു, ശോഭ വിശ്വനാഥ്, മാസ്റ്റര്‍ കേശവ്, പ്രശാന്ത് പാര്‍ഥിപന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ് ആന്‍റണി ഫിലിം കോര്‍പറേഷന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും.
വിജയ് ആന്‍റണി തന്നെ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷെല്ലി ആര്‍ കാലിസ്റ്റ് ആണ്. ഈ മാസം 19 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ട്രെയ്‍ലറില്‍ നിന്നുള്ള കണ്ണന്‍റെ രംഗങ്ങളുടെ സ്ക്രീന്‍ ഷോട്ടും കാതല്‍ ഓവിയത്തില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും ചേര്‍ത്ത് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രം ശ്രദ്ധിക്കപ്പെടുന്നപക്ഷം ഈ നടനും അതൊരു ബ്രേക്ക് ആയിരിക്കും. ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.