
മലയാളത്തില്‍ സ്വന്തം പ്രതിഭ തെളിയിക്കാനാവുന്ന അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും കാളിദാസ് ജയറാമിനെ സംബന്ധിച്ച് തമിഴില്‍ അങ്ങനെയല്ല. പുത്തം പുതു കാലൈ, പാവ കഥൈകള്‍ തുടങ്ങിയ ആന്തോളജി ചിത്രങ്ങളിലെയും ഏറ്റവുമൊടുവില്‍ കമല്‍ ഹാസന്‍ നായകനായ വിക്രത്തിലെയും കാളിദാസിന്‍റെ പ്രകടനം കയ്യടി നേടിയിരുന്നു. വിക്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മകന്‍റെ വേഷമായിരുന്നു കാളിദാസിന്. ഇപ്പോഴിതാ അടുത്തൊരു പ്രധാന ചിത്രത്തിലേക്കും കാളിദാസ് കാസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതും കമല്‍ ഹാസനൊപ്പം തന്നെ.
ഷങ്കര്‍- കമല്‍ ഹാസന്‍ ടീമിന്‍റെ ഐക്കോണിക് ചിത്രം ഇന്ത്യന്‍റെ സീക്വല്‍ ഇന്ത്യന്‍ 2 ആണ് അത്. ചിത്രത്തിന്‍റെ ഇപ്പോള്‍ പുരോഗമിക്കുന്ന തായ്വാന്‍ ഷെഡ്യൂളില്‍ കാളിദാസ് ജോയിന്‍ ചെയ്തു. ഷങ്കറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ കാളിദാസ് പങ്കുവച്ചിട്ടുമുണ്ട്. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സിദ്ധാര്‍ഥ്, സമുദ്രക്കനി, ഗുഗു സോമസുന്ദരം, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. തായ്വാനിലെ ലഘു ഷെഡ്യൂളിന് ശേഷം ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകും. അവിടെ ഒരു മാസം നീളുന്ന ചിത്രീകരണമാണ് ഉണ്ടാവുക. ആക്ഷന്‍ രംഗങ്ങളാണ് അവിടെ പ്രധാനമായും ചിത്രീകരിക്കുക.
1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി. വിക്രത്തിന്‍റെ വന്‍ വിജയത്തിനു ശേഷം കമല്‍ ഹാസന്‍റേതായി എത്തുന്ന ചിത്രം എന്നത് ഇന്ത്യന്‍ 2 ന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്. രാജ്കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസനും ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ അല്ലിരാജയും ഒപ്പം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.