
മുഖ്യമന്ത്രി പിണറായി വിജയന്‍റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് കമല്‍ ഹാസന്‍. കൊവിഡ് പ്രതിരോധത്തില്‍ ദേശീയശ്രദ്ധയിലെത്തിയ കേരള മാതൃക സൃഷ്ടിച്ചതിലെ മുഖ്യമന്ത്രിയുടെ പങ്കിനെ അഭിനന്ദിച്ചുകൊണ്ടാണ് കമല്‍ഹാസന്‍റെ സന്ദേശം. ഒപ്പം അടിയന്തരാവസ്ഥയുടെ സമയത്ത് പൊലീസ് മര്‍ദ്ദനമേറ്റ, അന്ന് എംഎല്‍എ ആയിരുന്ന പിണറായി വിജയന്‍ രക്തം പുരണ്ട കുപ്പായവുമായി നിയമസഭയിലെത്തി നടത്തിയ പ്രസംഗത്തെയും കമല്‍ ഓര്‍ക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
"അന്ന് രക്തം പുരണ്ട കുപ്പായവും ധരിച്ചുകൊണ്ട് സംസാരിച്ച് അദ്ദേഹം കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഇന്ന് രാജ്യത്തിന്‍റെ പ്രശംസയ്ക്കു പാത്രമായി തന്‍റെ സംസ്ഥാനത്തെ മാറ്റിയിരിക്കുന്നു അദ്ദേഹം. കേരള മുഖ്യമന്ത്രി നമുക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് (തമിഴ്‍നാടുമായുള്ള) ഊന്നിപ്പറഞ്ഞിട്ടുണ്ട്, നമ്മളെ സഹോദരങ്ങളെന്ന് വിളിച്ചിട്ടുണ്ട്, അതിര്‍ത്തികള്‍ തുറന്നിട്ടിട്ടുണ്ട്. നമ്മുടെ സഖാവിന് നമ്മുടെ ഹൃദയപൂര്‍വ്വമുള്ള പിറന്നാള്‍ ആശംസകള്‍", കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് കമല്‍ രംഗത്തെത്തിയിരുന്നു. "എന്‍റെ കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നെ സന്തോഷവാനാക്കുന്നു. 'എന്‍റെ' എന്നത് ഞാന്‍ അഭിമാനത്തോടെ പറയുന്നു. ഒഡീഷയും അതുപോലെതന്നെ. നന്നായി പ്രവര്‍ത്തിച്ച എന്‍റെ രണ്ട് ബന്ധുക്കളെ ചൂണ്ടിക്കാട്ടുകയാണ് ഞാന്‍. മറ്റുള്ളവര്‍ മോശമാണെന്ന് അതിന് അര്‍ഥമില്ല. അവരുടെ വിജയത്തില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ട്. അതുപോലെതന്നെ മറ്റുള്ളവരുടെ പരാജയത്തില്‍ നിന്നും നാം പഠിക്കണം", കമല്‍ പറഞ്ഞിരുന്നു.