
ഓർത്തുവെക്കാന്‍ ഒരുപിടി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ സിനിമാ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ് അലക്സ് പോൾ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സംരംഭത്തിനായുള്ള ഒരുക്കത്തിലായിരുന്നു അലക്സ് പോൾ. കഥയിലും അഭിനയ രംഗത്തും സാങ്കേതിക രംഗത്തും ഏറെ പുതുമകൾ നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി മറ്റൊരു രംഗത്തേക്കു കൂടി കടന്നു വരുമ്പോൾ അവിടെയും തൻ്റേതായ കൈയ്യൊപ്പു പതിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അലക്സ് പോൾ.
പാൻ ഇൻഡ്യൻ മൂവിസിൻ്റെ ബാനറിൽ അഡ്വ. ബിനു, ജയകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഒരുപാൻ ഇൻഡ്യൻ സിനിമയായി ഇൻഡ്യയിലെ വിവിധ ഭാഷകളിലായിട്ടാണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ സിനിമാക്കമ്പനിയുടെ ഒഫിഷ്യൽ ലോഞ്ച് ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് കൊച്ചിയിൽ നടന്നു. നാൻസി ലാലാണ് ലോഞ്ചിംഗ് നടത്തിയത്. ലാൽ, ബാലു വർഗീസ്, ആൽബി തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്. ക്യാമ്പസ് ഹൊറർ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പോപ്പുലർ സിനിമകളായ സലാർ, എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയ ദേവ് ആണ് ഈ ചിത്രത്തിലെ നായകൻ. എമ്പുരാനിലും സലാറിലും പൃഥ്വിരാജ് കഥാപാത്രങ്ങളുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ഈ നടനാണ്. വിൻസിറ്റയാണ് നായിക. പേപ്പട്ടി എന്ന ചിത്രത്തിലെ നായികയായിരുന്ന വിൻസിറ്റ ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന ഉഴവർ മകൻ എന്ന തമിഴ്ചിത്രത്തിലും നായികയാണ്. മികച്ച അഭിപ്രായത്തിലൂടെ ശ്രദ്ധ നേടിയ ആംഗ്രി ബഡീസ്, പപ്പടവട എന്നീ വെബ് സീരിസുകളിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് വിൻസിറ്റ.
സിദ്ദിഖ്, ലാൽ, ജോണി ആൻ്റണി, ജോയ് മാത്യു, പ്രശസ്ത ബോളി വുഡ് നടൻ മകരന്ദ് ദേശ്പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്, പ്രശസ്ത യൂട്യൂബറും മീഡിയ ഇൻഫ്ളുവൻസറും ഗായികയും ഡാൻസറുമായ തെരേസ എമ്മ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അശ്വതി അലക്സിൻ്റേതാണ് തിരക്കഥ. സംഗീത സംവിധാനവും അലക്സ് പോൾ തന്നെ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, പ്രശസ്ത അസ്ട്രോളര്‍ ഹരി പത്തനാപുരം എന്നിവരാണ് ഇതിലെ ഗാനങ്ങൾ രചിക്കുന്നത്. എഡിറ്റിംഗ് വി സാജൻ, കലാസംവിധാനം ബോബൻ, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ആക്ഷൻ സ്റ്റണ്ട് ശിവ, കൊറിയോഗ്രഫി റംസാൻ, ശ്രീജിത്ത്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് നിജേഷ് ചെറുവോട്ട്, ഡിസൈൻ പാൻസ് ചുൾ, പ്രൊഡക്ഷൻ കൺട്രോളർ മുരളി വിജയ്. ജൂൺ ആദ്യവാരത്തിൽ തെങ്കാശി, കുറ്റാലം ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. സ്നേഹം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ