'കറുപ്പിൽ നായകനാവേണ്ടിയിരുന്നത് വിജയ്, എന്നാൽ ചില കാര്യങ്ങൾ കൊണ്ട് അത് നടന്നില്ല..'; തുറന്നുപറഞ്ഞ് ആർജെ ബാലാജി

Published : May 28, 2026, 10:46 PM IST
Suriya, Vijay, Karuppu movie

Synopsis

സൂര്യ നായകനായി വിജയം നേടിയ 'കറുപ്പ്' എന്ന ചിത്രം ആദ്യം ചെയ്യാനിരുന്നത് വിജയ് ആയിരുന്നുവെന്ന് സംവിധായകൻ ആർജെ ബാലാജി വെളിപ്പെടുത്തി. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന സിനിമയായി പരിഗണിച്ചെങ്കിലും വിജയ് പിന്മാറി. 

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് മികച്ച വിജയം നേടി മുന്നേറുകയാണ്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം സൂര്യയുടെ കരിയറിലെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കറുപ്പ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ആഗോള തലത്തിൽ കളക്ഷനിലും നേട്ടമുണ്ടാക്കുന്നുണ്ട്.

ഇപ്പോഴിതാ കറുപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത് വിജയ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആർജെ ബാലാജി. രാഷ്ട്രീയപ്രവേശനത്തിനിറങ്ങും മുൻപ് വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാകേണ്ടിയിരുന്ന സിനിമയാണ് കറുപ്പെന്നും എന്നാൽ പിന്നീട് വിജയ് തീരുമാനം മാറ്റുകയായിരുന്നുവെന്നും ആർജെ ബാലാജി പറയുന്നു.

"കറുപ്പ് അദ്ദേഹത്തിന്റെ അവസാന ചിത്രമാകേണ്ടിയിരുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനവും ഏതായിരിക്കണം അവസാന പ്രൊജക്ട് എന്നുമെല്ലാം ചർച്ചയായി. തനിക്ക് അനുയോജ്യമായ എന്തെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചതിനെത്തുടർന്ന് ഞാൻ രണ്ട് കഥകൾ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ജോലിയോടും സർഗ്ഗാത്മകതയോടും കാണിക്കുന്ന വലിയൊരു ആദരവായിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്. ഞങ്ങള്‍ രണ്ടോ മൂന്നോ മീറ്റിങ് നടത്തിയിരുന്നു. കുറച്ച് കാലമെടുത്തു. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ അവസാന സിനിമ ഏതാകണം എന്നൊക്കെ ചര്‍ച്ച വന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ മറ്റൊരു ഓപ്ഷനായി ഉണ്ടായിരുന്നത് എച്ച് വിനോദ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിക്കുകയും എന്തുകൊണ്ടാണ് പിന്മാറുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു." ആർജെ ബാലാജി പറയുന്നു.

വിജയ് എടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞ കാരണങ്ങള്‍ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. പിന്നീടാണ് കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ഇതേ കഥ സൂര്യയോട് പറയാന്‍ ആവശ്യപ്പെടുന്നത്. വിജയ് ചെയ്തില്ലെങ്കിലും അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായതെന്നതിനാലാണ് ഞാന്‍ അദ്ദേഹത്തിന് തുടക്കത്തില്‍ നന്ദി പറഞ്ഞത്. കഥ കേട്ട ശേഷം അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അത് തിരക്കഥ മെച്ചപ്പെടുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കറുപ്പിന്റെ അന്തിമ തിരക്കഥ തയ്യാറാക്കിയത്." ആർജെ ബാലാജി കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആർജെ ബാലാജിയുടെ പ്രതികരണം.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമ്മയിൽ തീവ്രമത നിലപാടുകളുള്ള ചില സ്ത്രീകളുണ്ട്; ആ നടൻ അൻസിബയെ കുറിച്ച് നടത്തിയത് അത്രയും മോശം പരാമർശം; വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്
ആ നാല്‍വര്‍ സംഘം വീണ്ടും; 'പാതിരാക്കുറുക്കൻ' പൂർത്തിയായി