
ലൈംഗിക അതിക്രമങ്ങള്‍ തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നടി കസ്‍തൂരി ശങ്കര്‍. വ്യക്തമായി തെളിവുകളില്ലാതെ ഇത്തരം കേസുകളില്‍ ആരോപണം ഉന്നയിക്കുന്നതുകൊണ്ട് ഗുണമൊന്നും ഉണ്ടാവില്ലെന്നും കസ്‍തൂരി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് കസ്‍തൂരിയുടെ അഭിപ്രായപ്രകടനം.
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് നടത്തിയ ലൈംഗികാരോഗണത്തില്‍ പ്രതികരണമായാണ് കസ്തൂരി ഈ വിഷയത്തില്‍ തന്‍റെ അഭിപ്രായം കുറിച്ചത്. പായലിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അവരുടെ ആദ്യ ട്വീറ്റ്. "നിയമത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ ആരോപണത്തെ ബലപ്പെടുത്തുന്ന, പ്രത്യക്ഷത്തിലുള്ള തെളിവ് ഇല്ലാതെ ഉന്നയിക്കപ്പെടുന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ തെളിയിക്കുക ഏറെക്കുറെ അസാധ്യമാണ്. പക്ഷേ അത് ഒരാളുടെയോ ഉള്‍പ്പെട്ട എല്ലാവരുടെയുമോ പേര് നശിപ്പിക്കും. അല്ലാതെ ഗുണമൊന്നുമില്ല", എന്നായിരുന്നു കസ്‍തൂരിയുടെ ആദ്യ ട്വീറ്റ്.
ലൈംഗിക പീഡനങ്ങളിലെ ഇരകളോട് തനിക്ക് അങ്ങേയറ്റം സഹാനുഭൂതി ഉണ്ടെങ്കിലും വ്യക്തിപരമായി നിയമത്തിന്‍റെ വഴിയോട് തനിക്ക് യോജിപ്പില്ലെന്നും കസ്തൂരി മറ്റൊരു ട്വീറ്റില്‍ കുറിച്ചു. "വ്യാജ ആരോപണങ്ങള്‍ ഒഴിവാക്കുന്നത് കൂടി ലക്ഷ്യം വച്ചുള്ളതാണ് നിയമപരമായ നടപടിക്രമങ്ങള്‍. അതിനാല്‍ തെളിവുകളെ ആശ്രയിക്കുക", കസ്തൂരി അഭിപ്രായപ്പെട്ടു. നിങ്ങളോട് അടുപ്പമുള്ള ഒരാള്‍ക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടാവുന്നതെങ്കിലും ഇതുതന്നെ പറയുമായിരുന്നോയെന്ന മറ്റൊരാളുടെ ചോദ്യത്തിനാണ് തനിക്കും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് കസ്തൂരി പറഞ്ഞത്. "അടുപ്പമുള്ളയാളുടെ കാര്യം എന്തിന് പറയണം, എനിക്കു തന്നെ ഇത് നേരിട്ടിട്ടുണ്ട്. അത് അങ്ങനെയാണ്", കസ്തൂരി കൂട്ടിച്ചേര്‍ത്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനാരോപണവുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയത്. അനുരാഗിനെ ആദ്യമായി കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസ സ്ഥലത്തേക്ക് വിളിപ്പിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. ഒരു തെലുഗു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും പിന്നീട് ട്വിറ്ററിലൂടെയും നടത്തിയ ആരോഗണത്തിന് പ്രതികരണവുമായി വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തിയിരുന്നു. വിശദമായ പരാതി സമര്‍പ്പിക്കാന്‍ നടിയോട് ട്വിറ്ററിലൂടെത്തന്നെ ആവശ്യപ്പെടുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. അതേസമയം അനുരാഗ് കശ്യപിനൊപ്പം അദ്ദേഹത്തിന്‍റെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തപ്‍സി പന്നു, രാധിക ആപ്‍തെ, സൈയാമി ഖേര്‍, നടിയും മുന്‍ ഭാര്യയുമായ കല്‍കി എന്നിവര്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുന്നു. ആരോപണമുര്‍ത്തിയ പായല്‍ ഘോഷിനെ പിന്തുണച്ച് നടി കങ്കണ റണാവത്തും രംഗത്തെത്തി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ