'സത്യസന്ധരാവാന്‍ കഴിയുന്നില്ലെങ്കില്‍ മിണ്ടാതിരിക്കുക'; രാജ്യത്തെ സിനിമാപ്രവര്‍ത്തകരെ വിമര്‍ശിച്ച് ടിഎം കൃഷ്‍ണ

By Web TeamFirst Published Apr 16, 2020, 7:54 PM IST
Highlights

'ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അനേകം തൊഴിലാളികളെക്കുറിച്ച് ഒരു വാക്കുപോലും ഇവര്‍ പറയില്ല'

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാപ്രവര്‍ത്തകര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളിലെ സത്യസന്ധതയില്‍ സംശയം പ്രകടിപ്പിച്ച് ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ ടിഎം കൃഷ്‍ണ. 'ഓരോ ദിവസവും നമ്മെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ സാധിക്കാത്തപക്ഷം മിണ്ടാതിരിക്കുകയാണ് വേണ്ടത്', ട്വിറ്ററിലൂടെയാണ് കൃഷ്‍ണയുടെ അഭിപ്രായപ്രകടനം.

Can these filmy types please shut up and stay in their Farm houses/fancy apartments.

— T M Krishna (@tmkrishna)

രമ്യ ഹര്‍മ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ലോക്ക് ഡൌണിന് ശേഷം തൊഴിലും പാര്‍പ്പിടവും നഷ്ടമായ, പട്ടിണിയിലായ ആയിരക്കണക്കിന് അതിഥി തൊഴിലാളികളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും കൃഷ്‍ണ കുറ്റപ്പെടുത്തി.  "ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അനേകം തൊഴിലാളികളെക്കുറിച്ച് ഒരു വാക്കുപോലുമില്ല, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടിയ പിടിപ്പുകേടിനെക്കുറിച്ചും ഇവരാരും മിണ്ടില്ല. ആ തൊഴിലാളികള്‍ നേരിടുന്ന അപായസാധ്യതകളെക്കുറിച്ചും ആരും ഒന്നും പറയില്ല", ടിഎം കൃഷ്‍ണ ട്വിറ്ററില്‍ കുറിച്ചു.

Not a word on how physical distancing is such a fancy middle-class idea that most of India simply cannot practice because so many people live in one small room.

— T M Krishna (@tmkrishna)

ശാരീരികമായ അകലം പാലിക്കണമെന്ന ആഹ്വാനത്തിന് ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രചാരം കൊടുക്കുന്നതിലും തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും കൃഷ്‍ണ അഭിപ്രായപ്പെടുന്നു. "ശാരീരിക അകലം പാലിക്കല്‍ എന്നത് ഒരു മധ്യവര്‍ഗ്ഗ ആശയമാണ്. രാജ്യത്തെ ഭൂരിഭാഗത്തിലും പാലിക്കാനാവാത്ത കാര്യമാണ് അത്. കാരണം ഇടുങ്ങിയ മുറികളില്‍ ഒന്നിച്ചുകഴിയേണ്ടിവരുന്ന അനേകരുണ്ട് ഈ രാജ്യത്ത്", ടിഎം കൃഷ്‍ണ അഭിപ്രായപ്പെടുന്നു. 

click me!