
തിരക്കഥാകൃത്തിന്‍റെയോ സംവിധായകന്‍റെയോ ആദ്യ ചിന്ത മുതല്‍ പ്രേക്ഷകരുടെ കാഴ്ച വരെയുള്ള ചില സിനിമകളുടെ യാത്ര വിചിത്രമാണ്. ആദ്യം ആലോചിച്ച, ആഗ്രഹിച്ച രീതിയിലാവില്ല പലപ്പോഴും ഫൈനല്‍ പ്രോഡക്റ്റ്. ഇപ്പോഴിതാ അത്തരത്തില്‍ പല വഴികളിലൂടെ സഞ്ചരിച്ച ഒരു ചിത്രം പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനിപ്പുറം പ്രേക്ഷകരിലേക്ക് എത്തുകയാണ്. അനുരാഗ് കശ്യപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കെന്നഡിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2023 മെയ് മാസത്തില്‍ ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് ഇത്. തിയറ്റര്‍ റിലീസിനായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും ചിത്രം തിയറ്ററുകളില്‍ എത്തിയില്ല. നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസിന്‍റെ സാമ്പത്തിക പ്രതിസന്ധികളായിരുന്നു കാരണം. സീയുടെ ഒടിടി പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെത്തന്നെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്.
ഈ ചിത്രത്തിന് കൗതുകകരമായ ഒരു മോഹന്‍ലാല്‍ കണക്ഷന്‍ കൂടിയുണ്ട്. മോഹന്‍ലാലിനെ നായകനാക്കി രാജീവ് രവി ചെയ്യാന്‍ ആലോചിച്ച ഒരു ചിത്രമുണ്ടായിരുന്നു. അതിന്‍റെ രചനയിലും അനുരാഗ് കശ്യപിന് പങ്കാളിത്തമുണ്ടായിരുന്നു. എന്നാല്‍ അത് നടക്കാതെപോയി. ആ സിനിമയുടെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് രാജീവ് രവിയുടെ സമ്മതത്തോടെ അനുരാഗ് കശ്യപ് കെന്നഡി ഒരുക്കിയത്. നിയോ നോയര്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഹുല്‍ ഭട്ട് ആണ്. അഴിമതിക്കാരനായ ഒരു മുന്‍ പൊലീസ് ഓഫീസറാണ് നെഗറ്റീവ് ഷെയ്ഡ് ഉള്ള ഈ കഥാപാത്രം. കഥാപാത്രത്തിന്‍റെ പേര് തന്നെയാണ് ചിത്രത്തിനും.
സണ്ണി ലിയോണ്‍, മോഹിത് തകല്‍ക്കര്‍, അഭിലാഷ് ഥപ്‍ലിയല്‍, ശ്രീകാന്ത് യാദവ്, മേഘ ബര്‍മാന്‍, കുരുഷ് ദേബൂ, കരിഷ്മ മോദി, ആമിര്‍ ദല്‍വി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ ആഗോള പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ പ്രീമിയര്‍ 2023 ലെ തന്നെ ജിയോ മാമി ചലച്ചിത്രോത്സവത്തില്‍ ആയിരുന്നു. കേരളത്തിന്‍റെ ചലച്ചിത്രോത്സവമായ ഐഎഫ്എഫ്കെയിലും നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് സിനിമകളുടെ സോഷ്യല്‍ കാറ്റലോഗിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്സ്ഡ് ആരംഭിച്ച ഡിജിറ്റല്‍ ഫിലിം റെന്‍റല്‍ പ്ലാറ്റ്ഫോം ആയ ലെറ്റര്‍ബോക്സ്ഡ് വിഡിയോ സ്റ്റോറിലും കെന്നഡി എത്തിയിരുന്നു. പ്ലാറ്റ്ഫോമിന്‍റെ ലോഞ്ചിംഗ് ലൈനപ്പിലെ ഒരേയൊരു ഇന്ത്യന്‍ ചിത്രവുമായിരുന്നു കെന്നഡി. ഇരുവതിലേറെ രാജ്യങ്ങളില്‍ ഉണ്ടെങ്കിലും ലെറ്റര്‍ബോക്സ്ഡ് വിഡിയോ സ്റ്റോര്‍ ഇന്ത്യയില്‍ ലഭ്യമല്ല. ചലച്ചിത്രോത്സവങ്ങളിലല്ലാതെ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് ചിത്രം എത്തുന്നത് സീ 5 ഒടിടി റിലീസിലൂടെയാണ്. ഫെബ്രുവരി 20 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ