തിയേറ്ററുകൾ അടഞ്ഞുതന്നെ: വരുമാനമില്ലാതെ തൊഴിലാളികൾ, സിനിമാ മേഖലയിൽ പ്രതിസന്ധി രൂക്ഷം

By Web TeamFirst Published Sep 26, 2021, 1:23 PM IST
Highlights

ഒരു ദിവസം തീയേറ്റർ അടഞ്ഞുകിടന്നാൽ തന്നെ പടം വീഴുമോയെന്ന് ഭയക്കുന്ന സിനിമാ മേഖലയിലാണ് കഴിഞ്ഞ 20 മാസമായി തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകൾ തുറക്കാത്തതിന്റെ കടുത്ത നിരാശയിലാണ് തൊഴിലാളികൾ. ഹോട്ടലുകളും ബാറുകളും തുറന്നിട്ടും തിയേറ്ററുകൾ തുറക്കാത്തത് സിനിമാ മേഖലയിലാകെ നിരാശയാണ് സമ്മാനിച്ചത്. സിനിമാ റിലീസ് നീളുന്നുവെന്നതിന് അപ്പുറം മാസങ്ങളായി വരുമാനം മുടങ്ങിയ തൊഴിലാളികളുടെ പ്രതിസന്ധി എന്ന് തീരുമെന്ന ആശങ്കയാണ് എല്ലാവരും.

ഒരു ദിവസം തീയേറ്റർ അടഞ്ഞുകിടന്നാൽ തന്നെ പടം വീഴുമോയെന്ന് ഭയക്കുന്ന സിനിമാ മേഖലയിലാണ് കഴിഞ്ഞ 20 മാസമായി തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത്. എന്നാൽ പ്രതീക്ഷയോടെ എല്ലാ ദിവസവും തിയേറ്ററിലേക്ക് വരുന്നവരാണ് ജീവനക്കാർ. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം റിലീസിനായി കാത്തുക്കെട്ടി കിടക്കുമ്പോഴും തിയേറ്ററുകൾ എന്ന് തുറക്കുമെന്നതിൽ സർക്കാരിന് ഇപ്പോഴും വ്യക്തമായ ഒരു ഉത്തരമില്ല. 

ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയാണ് തിയേറ്ററുകൾ തുറക്കുന്നതിനുള്ള തീരുമാനം നീളുന്നത്. പക്ഷെ ടിക്കറ്റ് എടുക്കാൻ വാക്സീനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതടക്കം നിയന്ത്രണങ്ങൾ ഏർപ്പടുത്താമെന്നാണ് തീയേറ്റർ ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്. സെപ്തംബർ എട്ടിന് റിലീസ് ചെയ്യുന്ന ജെയിംസ് ബോണ്ട് ചിത്രമെങ്കിലും കേരളത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിൽ താത്കാലിക ആശ്വാസമെങ്കിലും കിട്ടുമായിരുന്നുവെന്നാണ് തിയേറ്ററുടമകൾ പറയുന്നത്. 

ഓരോ ഷോയ്‌ക്ക് ശേഷവും അണുനശീകരണത്തിന് പ്രത്യേക ഉപകരണങ്ങളൊരുക്കി, പ്രൊജക്റ്റ‌ർ അടക്കം ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാണ് തിയേറ്ററുകളൊക്കെ കാത്തിരിക്കുന്നത്. എന്ന് തുറക്കാനാവുമെന്ന സർക്കാരിന്റെ തീരുമാനത്തിന് മാത്രമേ ഇവരെ ആശ്വസിപ്പിക്കാനാവൂ.

'

click me!