അന്ന് ഇതേ ദിവസം കിം കി ഡുക്ക് കേരളത്തിലായിരുന്നു, മലയാളികള്‍ ഒപ്പമിരുന്ന് സിനിമ കണ്ടിരുന്നു!

Web Desk   | Asianet News
Published : Dec 11, 2020, 07:09 PM ISTUpdated : Dec 11, 2020, 08:05 PM IST
അന്ന് ഇതേ ദിവസം കിം കി ഡുക്ക് കേരളത്തിലായിരുന്നു, മലയാളികള്‍ ഒപ്പമിരുന്ന് സിനിമ കണ്ടിരുന്നു!

Synopsis

അന്ന് ഇതേ ദിവസം മലയാളികള്‍ കിം കിം ഡുക്കിന് നേരിട്ട് അഭിവാദ്യം ചെയ്‍തിരുന്നു.

സിനിമാനുഭവങ്ങള്‍ എന്നും ഒപ്പം ചേര്‍ക്കുന്ന മലയാളികള്‍ക്ക് 2013 മറക്കാനാകില്ല. ലോക സിനിമ കാഴ്‍ചകളുടെ വിസ്‍മയം പോലെ തന്നെ മലയാളികള്‍ 2013നെ ഓര്‍മ്മയില്‍ സൂക്ഷിക്കുക ഒരു വിദേശ ചലച്ചിത്രകാരന്റെ വരവിന്റെ പേരിലുമായിരിക്കും. അന്ന് സിനിമ കാഴ്‍ചകളില്‍ നിറഞ്ഞ സംവിധായകന്റെ പേരില്‍. അതെ, മലയാളികള്‍ സ്വന്തമാക്കിയ വിശ്വ സംവിധായകൻ കിം കി ഡുക്കിന്റെ പേരില്‍.  മേളയുടെ മൊത്തം ആകര്‍ഷണമായി മാറി കിം കി ഡുക്ക്. കിം എന്ന പേരില്‍ ചുരുക്കാവുന്നതുപോലെയായിരുന്നു 2013ല്‍ നമ്മുടെ രാജ്യാന്തരചലച്ചിത്രമേള.

എത്രയോ വര്‍ഷങ്ങള്‍ തിയറ്ററിലേക്ക് ഇടിച്ചുകയറി കണ്ടതാണ് കിം കി ഡുക്കിന്റെ സിനിമകള്‍. ഇരുന്നും നിന്നും ഇടിച്ചുകയറിയും ചലച്ചിത്രമേളയില്‍ കിം കി ഡുക്കിന്റെ സിനിമകള്‍ കണ്ടു. ഇത്തവണ വയലന്റ്സ് കൂടിയെന്ന് ആശങ്ക പെട്ടു. ഓരോ ഐഎഫ്എഫ്‍കെ പ്രതിനിധികള്‍ക്കും കിമ്മിന്റെ സിനിമകള്‍ കാണാപാഠമായി. രാത്രി വൈകുവോളം ചര്‍ച്ചകളില്‍ നിറഞ്ഞു കിം കി ഡുക്കും സിനിമകളും. അങ്ങനെയുള്ള കിം കി ഡുക്കിനൊപ്പവും മലയാളികള്‍ തിയറ്ററില്‍ സിനിമ കണ്ടു. കിമ്മിനെ കണ്ടുകൊണ്ട് സിനിമ തിയറ്ററില്‍ ചിലവഴിച്ചുവെന്നു പറഞ്ഞാല്‍ ശരിവയ്‍ക്കുന്നവരും എണ്ണത്തില്‍ ഏറെയുണ്ടാകും. അത്തരമൊരു അനുഭവമായിരുന്നു 2013 ഐഎഫ്‍എഫ്‍കെ മലയാളിക്ക് സമ്മാനിച്ചത് (മറ്റ് സിനിമകളെ മറന്നുകൊണ്ടല്ല ഇങ്ങനെയുള്ള പറച്ചില്‍).

ഭാഷയറിയില്ല കിമ്മിന്. പക്ഷേ തന്നെ കണ്ടു പരിചയഭാവത്തില്‍ പുഞ്ചിരിക്കുന്ന നാട്ടാരെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടാകും അന്ന് കിം കിം ഡുക്ക് എന്ന വിദേശ ചലച്ചിത്ര സംവിധായകൻ.  ഫെസ്റ്റിവലിന് വന്ന കിം കേരളത്തില്‍ തന്നെ ആര് അറിയാനാണെന്ന ഭാവത്തില്‍ മോണിംഗ് വാക്കിന് ഇറങ്ങിയതും കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പോലും ആളുകള്‍ തലപുറത്തിട്ട് കൈവീശുന്നത് അദ്ദേഹത്തെ തന്നെ അമ്പരപ്പിച്ചിരുന്നു അന്ന്. മലയാളിയുടെ സ്നേഹം ഒരു അത്ഭുതമാണ് എന്ന് തന്നെയാണ് കിം അന്ന് പ്രതികരിച്ചത്. വളരെ വാചാലമാകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു മലയാളിയുടെ സ്നേഹത്തിന് മുന്നില്‍ കിം. പക്ഷെ പരിഭാഷകയായി വന്ന വ്യക്തിയുടെ പരിമിതികള്‍ അവിടെ ഒരു തടസ്സമായോ എന്ന് അന്നത്തെ കാര്യങ്ങള്‍ ഇപ്പോഴും മനസില്‍ കൊണ്ട് നടക്കുന്നവര്‍ ഓര്‍ക്കും.ദുഖമായാലും സന്തോഷമായാലും ഞാന്‍ പാടുന്ന പാട്ടുണ്ടെന്ന് പറഞ്ഞ് മലയാളിയോട് അന്ന് എല്ലാ വേദിയിലും ഒരു കൊറിയന്‍ പാട്ടും കിം പാടി. കുറേക്കാലം അത് റിംങ് ടോണ്‍ വച്ചു നടന്ന കിം ആരാധകരും ഉണ്ടായിരുന്നു അക്കാലത്ത്.

കിം വന്ന ചലച്ചിത്രമേളയില്‍ പങ്കെടുത്തവരുടെ അനുഭവങ്ങളില്‍ അറിയാം, അന്ന് തലസ്ഥാനത്തെ ഓട്ടോക്കാര്‍ പോലും ചര്‍ച്ച ചെയ്‍തത് കിമ്മിന്‍റെ വരവായിരുന്നു. പിന്നീട് പല ചലച്ചിത്ര മേളകളും കടന്നുപോയെങ്കിലും ഫെസ്റ്റിവല്‍ കിളികളെപോലെ ഡിസംബര്‍ മാസത്തില്‍ തലസ്ഥാനത്ത് ചലച്ചിത്രമേളയില്‍ ചേക്കേറാനെത്തുന്ന ചലച്ചിത്ര പ്രേമികളോട് നാട്ടില്‍ നിന്ന് ബസ് കയറുന്ന സമയത്ത് നാട്ടുകാര്‍ മുതല്‍ തലസ്ഥാനത്തെ ഓട്ടോ അണ്ണന്മാരും, ചായക്കടകളിലെ ചേച്ചിമാരും ചോദിക്കും, ഇത്തവണ ആ കൊറിയെന്നുള്ള പുള്ളിയില്ലെ?- പുള്ളിയുടെ ചിത്രങ്ങളുണ്ട് എന്നതാണ് പലപ്പോഴും മറുപടി.

മലയാളികളുടെ താരമാണ് താൻ എന്ന് തിരിച്ചറിയാൻ പരിചയഭാവത്തിന് പുറമേ തിയറ്ററിലെ ആള്‍ക്കൂട്ടവും കിമ്മിന് സാക്ഷ്യമായി. കിമ്മിന്റെ സിനിമകള്‍ കാണാൻ തിയറ്ററുകള്‍ ഓരോന്നും നിറഞ്ഞിരുന്നു. ലൈംഗിക അതിപ്രസരവും വയലൻസും കണ്ട മലയാളികള്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‍തു. തിയറ്ററുകളില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‍തു. പക്ഷേ ഇറങ്ങിപ്പോയവര്‍ തന്നെ അടുത്ത കിം കി ഡുക്ക് സിനിമ കാണാൻ ക്യൂവിന്റെ മുൻനിരയില്‍ തന്നെ ഇടംപിടിക്കാൻ മത്സരം കാട്ടിയിരുന്നു. അതായിരുന്നു മലയാളിക്ക് കിം കി ഡുക്ക്. അത് തിരിച്ചറിഞ്ഞാകണം ഐഎഫ്‍എഫ്കെ ഓപ്പണ്‍ ഫ്രെയിമില്‍ നിര്‍ത്താതെയുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിരസത കാട്ടാതെ ദ്വിഭാഷിയുടെ സഹായത്തോടെ കിം കി ഡൂക്ക് മറുപടി പറഞ്ഞത്. പാട്ട് പാടി തന്റെ ആരാധകരെ രസിപ്പിച്ചത്.  സമാപനസമ്മേളനത്തില്‍ കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ കിം മൂന്ന് ദിവസം സംസ്ഥാനത്തുണ്ടായിരുന്നു. പ്രേക്ഷകാവേശവും സ്നേഹവും കണ്ടറിഞ്ഞ് മനസ്സുനിറഞ്ഞാണ് കേരളത്തോട് കിം യാത്ര പറഞ്ഞത്.  ഇന്നിപ്പോള്‍ കിം കി ഡൂക്ക് വിടപറഞ്ഞത് അറിഞ്ഞ് മലയാളികള്‍ കണ്ണീരണിയുന്നതും അതുകൊണ്ടൊക്കായാകും.

കൊവിഡിന്‍റെ നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ തിരുവനന്തപുരത്ത് ഒരു ചലച്ചിത്ര മേള കൂടി അരങ്ങേറേണ്ട കാലത്താണ്  കിം വിടപറയുന്നത്, കിം കേരളത്തില്‍ എത്തിയ അതേ ദിവസം.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും