Kerala State Film Awards 2022 : രേവതിക്ക് ഇത് വൈകിയെത്തിയ അംഗീകാരം; ആദ്യ കേരള സംസ്ഥാന പുരസ്‍കാരം

Published : May 27, 2022, 07:46 PM ISTUpdated : May 27, 2022, 07:51 PM IST
Kerala State Film Awards 2022 : രേവതിക്ക് ഇത് വൈകിയെത്തിയ അംഗീകാരം; ആദ്യ കേരള സംസ്ഥാന പുരസ്‍കാരം

Synopsis

തമിഴ് സംസ്ഥാന പുരസ്‍കാരങ്ങളും ദേശീയ പുരസ്‍കാരങ്ങളും നേരത്തെ ലഭിച്ചിട്ടുണ്ട് രേവതിക്ക്

അഭിനയപ്രാധാന്യമുള്ള വേഷങ്ങളുടെ കാര്യത്തില്‍ നടിമാരോട് മലയാള സിനിമ പുലര്‍ത്തിപ്പോരുന്ന പക്ഷപാതിത്വപരമായ സമീപനത്തിന്‍റെ സാക്ഷ്യങ്ങളായിരുന്നു ഇത്തവണ അവാര്‍ഡിന് (Kerala State Film Awards 2022) മത്സരിച്ച ചിത്രങ്ങളും. അഥവാ അത്തരം ചിത്രങ്ങളും കഥാപാത്രങ്ങളും വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു. കനകം കാമിനി കലഹത്തില്‍ ഗ്രേസ് ആന്‍റണിക്ക് ലഭിച്ചതും ആണും പെണ്ണും എന്ന ആന്തോളജിയില്‍ പാര്‍വ്വതി തിരുവോത്തിന് ലഭിച്ചതും ഭൂതകാലത്തില്‍ (Bhoothakalam) രേവതിക്ക് (Revathi) ലഭിച്ചതുമൊക്കെയാണ് അത്തരത്തില്‍ അപൂര്‍വ്വം വേഷങ്ങള്‍. അതേസമയം ഭൂതകാലത്തിലെ വിഷാദരോഗിയായ ഒരു മധ്യവയസ്കയുടെ വിഹ്വലതകളെ അവതരിപ്പിച്ച് രേവതിക്ക് ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിക്കുമ്പോള്‍ അതിനൊരു കാവ്യനീതിയുണ്ട്. അഭിനയ പ്രതിഭ വേണ്ടുവോളമുണ്ടായിട്ടും അത് തെളിയിക്കാനുള്ള അവസരം ലഭിക്കാത്തതുകൊണ്ട് എത്രയോ പ്രകടന വൈവിധ്യങ്ങളാണ് കാണികള്‍ക്ക് നിഷേധിക്കപ്പെടുന്നത് എന്നതിനുള്ള തെളിവ് കൂടിയാണ് ചിത്രത്തിലെ രേവതിയുടെ പ്രകടനവും അതിനു ലഭിച്ച അംഗീകാരവും.

നാല് പതിറ്റാണ്ട് മുന്‍പ് ഭരതന്‍റെ കാറ്റത്തെ കിളിക്കൂടിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ആളാണ് രേവതി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളും കിലുക്കവുമൊക്കെയാണ് രേവതിയെന്ന നടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏത് കാണിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക. ഈ രണ്ട് ചിത്രങ്ങളിലെയും പ്രകടനങ്ങള്‍ക്ക് പുരസ്കാരസാധ്യത ഉണ്ടായിരുന്നെങ്കിലും അതാത് വര്‍ഷങ്ങളില്‍ മറ്റു നടിമാര്‍ക്കാണ് ആ പുരസ്‍കാരം ലഭിച്ചത്. മറ്റു മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും അഭിനയിച്ചതുകൊണ്ടും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി ചിത്രങ്ങള്‍ സംവിധാനം ചെയ്‍തതുകൊണ്ടുമൊക്കെ 35ല്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് രേവതി മലയാളത്തില്‍ ഇതുവരെ ചെയ്‍തത്. ഫിലിമോഗ്രഫിയില്‍ രേവതി നടത്തിയ ഈ തെരഞ്ഞെടുപ്പ് പിഴച്ചിട്ടില്ലെന്ന് ആ സിനിമകളുടെ ലിസ്റ്റ് പറയും. പക്ഷേ അവരുടെ അഭിനയ പ്രതിഭയെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ അങ്ങനെ ലഭിച്ചുമില്ല. സമാന്തര സിനിമയുടെ എണ്‍പതുകളില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ ഭരിച്ച തൊണ്ണൂറുകളിലേക്ക് എത്തിയപ്പോള്‍ നടിമാര്‍ക്ക് ലഭിക്കാമായിരുന്ന മികച്ച വേഷങ്ങളാണ് ഇല്ലാതായത്. 

ALSO READ : എന്തുകൊണ്ട് ബിജു മേനോനും ജോജുവും മികച്ച നടനായി? ജൂറി പറയുന്നു

 

അതേസമയം തമിഴ് ചിത്രങ്ങളിലെ മികവിന് പലവട്ടം രേവതിക്ക് പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കിഴക്കുവാസല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‍നാട് സര്‍ക്കാരിന്‍റെ മികച്ച നടിക്കുള്ള പുരസ്‍കാരവും തലൈമുറൈയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും രേവതി നേടിയിട്ടുണ്ട്. അഭിനയത്തിനും സംവിധാനത്തിനുമായി രണ്ട് ദേശീയ പുരസ്കാരങ്ങളും രേവതി നേടി. ഭരതന്‍റെ തേവര്‍മകന് മികച്ച സഹനടിക്കുള്ള അവാര്‍ഡും സംവിധാന അരങ്ങേറ്റമായിരുന്ന മിത്ര് മൈ ഫ്രണ്ടിന് മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്‍കാരവും.

 

അതേസമയം ഇത്രകാലത്തെ ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത അഭിനയപ്രതിഭയെ പരീക്ഷിക്കുന്ന ഒന്നായിരുന്നു ഭൂതകാലത്തിലെ ആശ. വിഷാദരോഗവും വിടുതല്‍ നേടാനാവാത്ത ഓര്‍മ്മകളുമൊക്കെ ചേര്‍ന്ന് കുഴമറിഞ്ഞ മനസുമായി ജീവിക്കേണ്ടിവരുന്ന ഒരു മധ്യവയസ്കയാണ് ആ കഥാപാത്രം. യുവാവായ മകന്‍ ഒപ്പമുണ്ടെങ്കിലും തന്നെ വരിഞ്ഞുമുറുക്കുന്ന മനസിന്‍റെ തോന്നലുകളില്‍ നിന്ന് അവര്‍ക്ക് മോചനമില്ല. പ്രധാനമായും രണ്ട് കഥാപാത്രങ്ങളും ഇന്‍ഡോര്‍ സീക്വന്‍സുകളുമുള്ള ഈ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രത്തെ പ്രേക്ഷകരുടെ പ്രിയചിത്രമാക്കി മാറ്റിയത് രേവതിയുടെയും ഒപ്പമഭിനയിച്ച ഷെയ്ന്‍ നിഗത്തിന്‍റെയും അഭിനയപ്രതിഭയായിരുന്നു. വിഷാദ രോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്‍മരണകളും ചേര്‍ന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെണ്‍മനസിന്‍റെ വിഹ്വലതകളെ അതിസൂക്ഷ്‍മമായ ഭാവപ്പകര്‍ച്ചയില്‍ പ്രതിഫലിപ്പിച്ച അഭിനയ മികവിന്, എന്നാണ് രേവതിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍