കെജിഎഫ് 2 ചിത്രീകരണം പുനരാരംഭിച്ചു; ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ്

By Web TeamFirst Published Aug 26, 2020, 5:03 PM IST
Highlights

90 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത് പ്രധാന സംഘട്ടന രംഗങ്ങളും മറ്റു ചില രംഗങ്ങളുമാണ്. 

കന്നഡ ചിത്രം കെജിഎഫ് 2 ന്‍റെ ചിത്രീകരണം പുനരാരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം ബംഗളൂരുവിലാണ് പുനരാരംഭിച്ചിരിക്കുന്നത്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശ് രാജ് പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്‍റെ രൂപഭാവത്തോടെയുള്ള തന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

'ഫാന്‍റം' എന്ന ചിത്രത്തിനു ശേഷം കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണ് കെജിഎഫ് 2. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിഷ്‍കര്‍ഷിച്ചിരിക്കുന്ന മാദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് തങ്ങളുടെ ചിത്രീകരണമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പറഞ്ഞിരുന്നു. ലൊക്കേഷന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് മുഴുവന്‍ സിനിമാപ്രവര്‍ത്തകര്‍ക്കുമുള്ള താമസം സജ്ജമാക്കിയിരിക്കുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ക്ക് പുറത്തേക്ക് പോകാന്‍ അനുവാദമില്ല.

90 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത് പ്രധാന സംഘട്ടന രംഗങ്ങളും മറ്റു ചില രംഗങ്ങളുമാണ്. നിലവിലെ ഷെഡ്യൂളിന്‍റെ ആദ്യഭാഗം ചിത്രീകരിക്കുന്നത് മിനര്‍വ മില്‍സില്‍ തയ്യാറാക്കിയിരിക്കുന്ന കൂറ്റന്‍ സെറ്റിലാണ്. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധിര എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നിലവില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അറിയുന്നത്.

click me!