
കരിയറില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പിച്ച ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചലച്ചിത്രതാരം ഖുഷ്ബു. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത് 2021 ല്‍ തിയറ്ററുകളിലെത്തിയ അണ്ണാത്തെ എന്ന ചിത്രത്തെക്കുറിച്ചാണ് ഖുഷ്ബു പറയുന്നത്. ചിത്രത്തില്‍ രജനികാന്തിനൊപ്പം ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് ഖുഷ്ബു അവതരിപ്പിച്ചത്. നയന്‍താര നായികയായ ചിത്രത്തില്‍ മീനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു പുതിയ അഭിമുഖത്തിലാണ് ഖുഷ്ബുവിന്‍റെ തുറന്നുപറച്ചില്‍.
അഭിനയ ജീവിതത്തില്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയ ചിത്രങ്ങളുണ്ടോ എന്ന ചോദ്യത്തിന് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ അത്തരത്തില്‍ ഉണ്ടെന്നാണ് ഖുഷ്ബുവിന്‍റെ മറുപടി. അതിന് ഉദാഹരണമായാണ് അവര്‍ അണ്ണാത്തെയുടെ കാര്യം പറയുന്നത്. രജനികാന്തിന്‍റെ ജോഡിയെന്ന് പറയാവുന്ന ഒരു പ്രധാന കഥാപാത്രമാണ് തന്‍റേതെന്നാണ് ആദ്യം അറിയിച്ചിരുന്നതെന്നും എന്നാല്‍ ചിത്രീകരണം പുരോഗമിക്കവെ അത് അങ്ങനെയല്ലെന്ന് മനസിലായെന്നും ഖുഷ്ബു പറയുന്നു.
"എനിക്കും മീനയ്ക്കും അവതരിപ്പിക്കാനുള്ളത് ശ്രദ്ധേയ കഥാപാത്രങ്ങളെയാണെന്നാണ് പറഞ്ഞിരുന്നത്. നായികമാരെപ്പോലെയുള്ള കഥാപാത്രങ്ങള്‍ ആണെന്ന്. എന്നാല്‍ ഷൂട്ടിംഗ് സമയത്ത് വ്യത്യാസങ്ങള്‍ വരുത്തി. മറ്റൊരു നായിക രജനികാന്തിനൊപ്പം ചിത്രത്തില്‍ എത്തില്ലെന്ന ബോധ്യത്തോടെയാണ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്. ഒരുപാട് തമാശയും രസങ്ങളുമൊക്കെയുള്ള ഒരു റോളുമായിരുന്നു അത്. എന്നാല്‍ പൊടുന്നനെ രജനി സാറിന് മറ്റൊരു നായിക (നയന്‍താര) ഉണ്ടായി. അങ്ങനെവന്നപ്പോള്‍ എന്‍റേത് കാരിക്കേച്ചര്‍ സ്വഭാവമുള്ള ഒരു കഥാപാത്രമായി എനിക്ക് തോന്നി. ഡബ്ബിംഗ് സമയത്ത് ചിത്രം കണ്ടപ്പോള്‍ എനിക്ക് വലിയ നിരാശ തോന്നി."
എന്നാല്‍ ഇതില്‍ രജനികാന്തിന്‍റെ ഇടപെടല്‍ ഉണ്ടോ എന്ന ചോദ്യത്തിന് അത്തരം തീരുമാനങ്ങള്‍ എടുക്കുന്ന ആളല്ല അദ്ദേഹമെന്ന് മറുപടി പറയുന്നു ഖുഷ്ബു. പ്രേക്ഷകരുടെ ഡിമാന്‍റ് കാരണമോ അല്ലെങ്കില്‍ സംവിധായകന്‍റെയോ നിര്‍മ്മാതാവിന്‍റെയും തീരുമാനപ്രകാരമോ ആവാം ആ മാറ്റങ്ങള്‍ വന്നതെന്നും അവര്‍ പറയുന്നു.
ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ