KPAC Lalitha : ഭരതന്റെ മരണം, കടബാധ്യത, മകന്റെ അപകടം; ലളിതമായിരുന്നില്ല ജീവിത യാഥാര്‍ഥ്യം

Published : Feb 23, 2022, 07:26 AM ISTUpdated : Feb 23, 2022, 08:01 AM IST
KPAC Lalitha : ഭരതന്റെ മരണം, കടബാധ്യത, മകന്റെ അപകടം; ലളിതമായിരുന്നില്ല ജീവിത യാഥാര്‍ഥ്യം

Synopsis

ഭരതന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ആറു മാസം വീട്ടിലെ ഇരുളില്‍ ഒതുങ്ങിപ്പോയി ലളിത. കടബാധ്യതകളായിരന്നു ചുറ്റും. എങ്ങനെ കടത്തില്‍ നിന്ന് കരകയറണമെന്ന് അറിയുമായിരുന്നില്ല.  

കൊച്ചി: സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ലളിതമായിരുന്നില്ല ലളിതയുടെ ജീവിത യാത്രകള്‍. ദൈവം ഒരു പ്രേക്ഷകനാണെങ്കില്‍ എപ്പോഴും കരയുന്ന എന്നെയാണ് ആ ദൈവത്തിനിഷ്ടമെന്ന്  ഒരിക്കല്‍ ലളിത പറഞ്ഞിരുന്നു. അത്രയും ഉള്ളില്‍ തട്ടിയാണ് അവരത് പറഞ്ഞത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രാരാബ്ധങ്ങളും കടവും നിറഞ്ഞതായിരുന്നു. ഭരതന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ആറു മാസം വീട്ടിലെ ഇരുളില്‍ ഒതുങ്ങിപ്പോയി ലളിത. കടബാധ്യതകളായിരന്നു ചുറ്റും. എങ്ങനെ കടത്തില്‍ നിന്ന് കരകയറണമെന്ന് അറിയുമായിരുന്നില്ല. കരകയറാനുള്ള വഴിയായിരുന്നു പിന്നീട് സിനിമ. ഓടി നടന്ന് അഭിനയിച്ചു. ഒടുവില്‍ ഭര്‍ത്താവ് വരുത്തിവെച്ച വലിയ ബാധ്യതകള്‍ കഴിവുകൊണ്ടും അക്ഷീണമായ പ്രയത്‌നം കൊണ്ടും ലളിത ഇല്ലാതാക്കി. അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പക്ഷെ സാമ്പത്തിക ബാധ്യതകള്‍വിടാതെ പിന്തുടര്‍ന്നു. ചിലരുടെ സഹായം കൊണ്ടാരുന്നു തിരിച്ചുവരവുകള്‍. 

സിനിമയില്‍ മകന്‍ സിദ്ധാര്‍ഥ് പച്ചപിടിച്ചു വരുന്നതിനിടെയുണ്ടായ അപ്രതീക്ഷിത അപകടം ലളിതയെ തളര്‍ത്തി. പക്ഷെ അമ്മ മകനെ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. അസുഖങ്ങളായിരുന്നു ജീവതത്തില്‍കടന്നു വന്ന അടുത്ത വില്ലന്‍. ചികിത്സാ ചെലവിന് പോലും ബുദ്ധിമുട്ടി. സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോള്‍ അതുപോലും വിവാദമായി. ഇത്രയേറെ പ്രയാസങ്ങളുണ്ടായിട്ടും വ്യക്തി ജീവിതവും കലാജീവിതവും കൂട്ടിക്കുഴച്ചില്ല. ആകാവുന്ന കാലത്തോളം ജോലിയെടുത്തു. കരഞ്ഞും കരയിച്ചും ചിരിച്ചും ചിരിപ്പിച്ചും മലയാളി സ്ത്രീത്വത്തിന്‍റെ ഭാവങ്ങള്‍ ആവാഹിച്ച മലയാള സിനിമയിലെ ഒരമ്മ കൂടി പടിയിറങ്ങിപ്പോവുകയാണ്.

ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത ലോകത്തോട് വിട പറഞ്ഞത്. സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാ?ഗമായി. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍. കേരള സം
ഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു.

മഹേശ്വരി അമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേ രളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നത്. അങ്ങനെയാണ് ലളിത എന്ന പേര്‍ സ്വീകരിച്ചത്. പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെപിഎസി എന്നത് പേരിനോട് ചേര്‍ത്തു.
 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍