
കെപിഎസി ലളിതയുടെ (KPAC Lalitha) ഇമ്പമാര്‍ന്ന അനവധി പ്രകടനങ്ങളില്‍ ഒന്നായിരുന്നു സ്ഫടികത്തിലെ മേരി. മോഹന്‍ലാല്‍ (Mohanlal) അവതരിപ്പിച്ച ആടുതോമ പൊന്നമ്മേയെന്ന് വിളിക്കുന്ന കഥാപാത്രം. തിലകന്‍ (Thilakan) അവതരിപ്പിച്ച കണിശക്കാരനായ കണക്ക് മാഷ് ചാക്കോയുടെ ഭാര്യ. ഈ സിനിമയിലേക്ക് ക്ഷണിക്കുന്ന സമയത്ത് തിലകനും കെപിഎസി ലളിതയും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നു. അക്കാലം പങ്കുവച്ചുകൊണ്ടാണ് തികഞ്ഞ പ്രൊഫഷണല്‍ ആയിരുന്ന കെപിഎസി ലളിതയെ ഭദ്രന്‍ അനുസ്‍മരിക്കുന്നത്.
ഞാൻ ഓർക്കുന്നു, തിലകൻ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാൻ വിളിച്ചപ്പോൾ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തിൽ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു; "അതിപ്പോ അങ്ങേര് കാണിച്ചില്ലേലും ഞാനങ്ങോട്ട് കാണിച്ചാൽ പോരേ.. " അതാണ് KPAC ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നെന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതിൽ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു KPAC ലളിത ഭൂമുഖത്തുണ്ടാവില്ല. My Hearty Condolences, ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ആ സിനിമ ചെയ്യാന്‍ സമയമുണ്ടാവുമെന്ന് കരുതി'; വിങ്ങലടക്കി ദുല്‍ഖര്‍
മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്‍റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ ഫ്ലാറ്റില്‍ ഇന്നലെ രാത്രി 10.20നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 700ല്‍ അധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. ശ്രീക്കുട്ടി മകളാണ്. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.
മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം രാമപുരത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർത്തു.