27 വര്‍ഷത്തിനുശേഷം 'ജെന്‍റില്‍മാന്' രണ്ടാംഭാഗം; ബ്രഹ്മാണ്ഡ പ്രഖ്യാപനവുമായി കെ ടി കുഞ്ഞുമോന്‍

Published : Sep 10, 2020, 08:19 PM IST
27 വര്‍ഷത്തിനുശേഷം 'ജെന്‍റില്‍മാന്' രണ്ടാംഭാഗം; ബ്രഹ്മാണ്ഡ പ്രഖ്യാപനവുമായി കെ ടി കുഞ്ഞുമോന്‍

Synopsis

ആദ്യഭാഗത്തേക്കാള്‍ പലമടങ്ങ് ബ്രഹ്മാണ്ഡമായിരിക്കും രണ്ടാംഭാഗമെന്നും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും കുഞ്ഞുമോന്‍

ഷങ്കറിന്‍റെ ആദ്യചിത്രമായിരുന്ന 'ജെന്‍റില്‍മാന്' രണ്ടാംഭാഗം ഒരുങ്ങുന്നു. 1993ല്‍, അന്ന് മുന്‍നിര നായകന്‍ അല്ലായിരുന്ന അര്‍ജ്ജുനെ നായകനാക്കിയ ചിത്രം നിര്‍മ്മിച്ചത് മലയാളി ചലച്ചിത്ര നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍ ആയിരുന്നു. അദ്ദേഹമാണ് 27 വര്‍ഷങ്ങള്‍ക്കു ശേഷം, ഇപ്പോള്‍ ജെന്‍റില്‍മാന്‍റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഭാഗത്തേക്കാള്‍ പലമടങ്ങ് ബ്രഹ്മാണ്ഡമായിരിക്കും രണ്ടാംഭാഗമെന്നും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും കുഞ്ഞുമോന്‍ പറയുന്നു. സംവിധായന്‍ ആരെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. 

"എന്‍റെ ജെന്‍റില്‍മാന്‍ തമിഴ് ,തെലുങ്കു ഭാഷകളിൽ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി. ഈ സിനിമയുടെ രണ്ടാം ഭാഗം ജെന്‍റില്‍മാന്‍ 2  നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ജെന്‍റില്‍മാനേക്കാള്‍ പല മടങ്ങു ബ്രഹ്മാണ്ഡം ജെന്‍റില്‍മാന്‍ 2ൽ കാണാം . ജെന്‍റില്‍മാന്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ, ഹോളിവുഡ് നിലവാരത്തിൽ, മെഗാ ബജറ്റില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് നിർമ്മിക്കുന്നത്. നടീനടന്മാർ, മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നുവരുന്നു. ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂ", കുഞ്ഞുമോന്‍ പറയുന്നു.

 

എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പി ജി വിശ്വംഭരന്‍, ജേസി, ഹരികുമാര്‍, കമല്‍, ഡെന്നിസ് ജോസഫ് തുടങ്ങിയവരുടെ സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ട് മലയാളസിനിമയിലാണ് നിര്‍മ്മാതാവ് എന്ന നിലയില്‍ കെ ടി കുഞ്ഞുമോന്‍റെ തുടക്കം. 1991ല്‍ പവിത്രന്‍ സംവിധാനം ചെയ്ത വസന്തകാല പറവൈ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ജെന്‍റില്‍മാന് പിന്നാലെ കാതലന്‍, കാതല്‍ ദേശം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും കുഞ്ഞുമോന്‍ നിര്‍മ്മിച്ചു. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍ട്രെന്‍ട്രും കാതല്‍ ആണ് അവസാനമായി നിര്‍മ്മിച്ച ചിത്രം. 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ