തുടര്‍ദിനങ്ങളില്‍ രണ്ട് ത്രില്ലറുകള്‍; തിയറ്ററുകളില്‍ ഇത് ചാക്കോച്ചന്‍റെ വാരാന്ത്യം

By Web TeamFirst Published Apr 7, 2021, 8:23 PM IST
Highlights

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട്, നവാഗതനായ അപ്പു ഭട്ടതിരിയുടെ നിഴല്‍ എന്നിവയാണ് ചിത്രങ്ങള്‍

കൊവിഡ് സാഹചര്യത്തില്‍ ഒരു വര്‍ഷത്തോളം അടഞ്ഞുകിടന്നതിനു ശേഷമാണ് കേരളത്തിലെ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. സെക്കന്‍ഡ് ഷോ ആരംഭിക്കാന്‍ വീണ്ടും മാസങ്ങള്‍ എടുത്തതിനാല്‍ പ്രധാന റിലീസുകള്‍ ആരംഭിക്കാന്‍ വീണ്ടും വൈകി. കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിക്കിടന്ന റിലീസുകള്‍ നിരനിരയായി എത്തിക്കൊണ്ടിരിക്കുന്ന ആഴ്ചകളാണ് ഇത്. ഈ വാരമുള്ള പ്രധാന രണ്ടു റിലീസുകളിലും കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട്, നവാഗതനായ അപ്പു ഭട്ടതിരിയുടെ നിഴല്‍ എന്നിവയാണ് ഈ ചിത്രങ്ങള്‍. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ചാക്കോച്ചനൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അതേസമയം എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് സഞ്ജീവ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ദീപക് ഡി മേനോന്‍ ആണ്. സംഗീതം സൂരജ് എസ് കുറിപ്പ്. ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗിണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

click me!