
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്ന് കുഞ്ചാക്കോ ബോബൻ. അതിജീവിതയ്ക്ക് ഒപ്പം എന്നതിനേക്കാൾ, എല്ലാക്കാലത്തും സത്യത്തിന് ഒപ്പം നിൽക്കുക എന്നതായിരുന്നു താൻ സ്വീകരിച്ച നിലപാടെന്നും നടൻ പറഞ്ഞു. സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു. ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു നടന്‍റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് അതിജീവിത കോടതിയിൽ ആശങ്ക അറിയിച്ചയതിനെ കുറിച്ചുള്ള ചോദ്യമാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കം; സെഷന്‍സ് കോടതി കേസ് പരിഗണിക്കരുതെന്ന് അതിജീവിത, അപേക്ഷ നല്‍കി
അതേസമയം നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് ഇന്നലെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിട്ടുണ്ട്. ജഡ്ജി ഹണി എം വർഗീസിന് മുന്നിലാണ് ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചത്. സി ബി ഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് നടിയും പ്രോസിക്യൂഷനും വാദിക്കുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹണി എം വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ കോടതി സമയം നൽകി. കേസ് ഈ മാസം 11 നാണ് വീണ്ടും പരിഗണിക്കുക. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ