Kuthiravattam Pappu : 'ടാാാസ്‌കി വിളിയെടാാാ...'; കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് 22വയസ്സ്

Web Desk   | Asianet News
Published : Feb 25, 2022, 10:46 AM ISTUpdated : Feb 25, 2022, 01:14 PM IST
Kuthiravattam Pappu : 'ടാാാസ്‌കി വിളിയെടാാാ...'; കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് 22വയസ്സ്

Synopsis

ഹാസ്യതാരമായ് സിനിമയില്‍ നിറഞ്ഞു നിന്നപ്പോഴും നാടകം സമ്മാനിച്ച അഭിനയ തികവ് പുറത്തെടുക്കാന്‍ ചില ക്യാരക്ടര്‍ വേഷങ്ങള്‍ പപ്പുവിനെ തേടിവന്നിരുന്നു. 

"താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്, എനിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും..ടാാാാസ്‌കി വിളിയെടാാ", എത്രയാവര്‍ത്തി കേട്ടാലും മടുക്കാത്ത ഡയലോഗ്. കാലമെത്ര കഴിഞ്ഞാലും കുതിരവട്ടം പപ്പു( Kuthiravattam Pappu) എന്ന പ്രതിഭ പറഞ്ഞുവച്ച ഇത്തരം സംഭാഷണങ്ങൾ മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നു. 

മലയാളി ഒരിക്കലും മറക്കാത്ത നിരവധിയേറെ ഹാസ്യ ഡയലോഗുകൾ പപ്പുവിന്റെ സംഭാവനയാണ്. തിരക്കഥയിൽ സ്വാഭാവികമായി പറഞ്ഞുപോകുന്ന ചില ഡയലോഗുകൾ, വേറിട്ട സംസാരശൈലിയിലൂടെ അദ്ദേഹം അനശ്വരമാക്കി. ‘വെള്ളാനകളുടെ നാട്ടി’ലെ ‘താമരശേരി ചുരം’ എന്ന് തുടങ്ങുന്ന ഡയലോഗും ‘മണിചിത്രത്താഴി’ലെ വട്ടുണ്ടോ എന്ന് സംശയിക്കുന്ന കാട്ടുപറമ്പനെയും സിനിമാപ്രേമികൾക്ക് ഇന്നും പ്രിയങ്കരമാണ്. 

പത്മദളാക്ഷൻ എന്നായിരുന്നു നടന്‍റെ ആദ്യപേര്. കുട്ടിക്കാലത്തെ നാടക അഭിനയത്തില്‍ താല്പര്യം പ്രകടിപ്പിച്ച പത്മദളാക്ഷന്റെ ആദ്യത്തെ മികച്ച നാടക പ്രകടനം പതിനേഴാം വയസ്സിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ നാടകത്തിന്റെ നട്ടെല്ലുകളിലൊരാളായ് പത്മദളാക്ഷൻ വളര്‍ന്നു. കുഞ്ഞാണ്ടി, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ ടി മുഹമ്മദ് എന്നിവരുടെ ടീമില്‍ സജീവമായിരുന്ന അദ്ദേഹം ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മൂടുപടം എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലെത്തി. ഭാര്‍ഗവീനിലയത്തിലെ കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തിന്റെ പേര് നല്‍കിയത് വൈക്കം മുഹമ്മദ് ബഷീറാണ്. പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായ് കുതിരവട്ടം പപ്പു വളർന്നു. കോഴിക്കോടന്‍ സ്ലാങ്ങിലുള്ള സംഭാഷണ രീതിയും പ്രത്യേക ശാരീരികഭാഷയും കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ പപ്പു മൂന്ന് പതിറ്റാണ്ട് മലയാളസിനിമയില്‍ നിറഞ്ഞുനിന്നു. ഹാസ്യനടനത്തിന്റെ പപ്പു സ്‌റൈല്‍ ഇന്നും വേറിട്ടു നില്‍ക്കുന്നു. 

ഹാസ്യതാരമായ് സിനിമയില്‍ നിറഞ്ഞു നിന്നപ്പോഴും നാടകം സമ്മാനിച്ച അഭിനയ തികവ് പുറത്തെടുക്കാന്‍ ചില ക്യാരക്ടര്‍ വേഷങ്ങള്‍ പപ്പുവിനെ തേടിവന്നിരുന്നു. ദി കിങ്ങിലെ സ്വാതന്ത്ര സമര സേനാനിയുടെ വേഷം ഈ നടന്റെ അഭിനയത്തിന്റെ മറ്റൊരു തലമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം.

ആള്‍ക്കൂട്ടത്തില്‍ തനിയെ, അങ്ങാടി കാണാകിനാവ്, ഏതോ തീരം, ചെമ്പരത്തി, അവളുടെ രാവുകള്‍, മണിചിത്രത്താഴ്, ചാകര, അഹിംസ, ടി.പി.ബാലഗോപാലന്‍ എം.എ, തേന്മാവിന്‍ കൊമ്പത്ത്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, അടിയൊഴുക്കുകള്‍, 1921, ചന്ദ്രലേഖ, ഏയ് ഓട്ടോ, വിയറ്റ്‌നാം കോളനി, മിഥ്യ, മിന്നാരം തുടങ്ങിയ ചിത്രങ്ങളിൽ പപ്പു എന്ന കലാകാരൻ നിറഞ്ഞുനിന്നു. ഈ അതുല്യ പ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് 22 വർഷമാകുന്നു. മലയാളിയെ ചിരിപ്പിച്ചും കരയിച്ചും പപ്പു ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുകയാണ്. പകരം വയ്ക്കാനില്ലാത്ത ഓര്‍മകളായി.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ