'കുറ്റവും ശിക്ഷയും' രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി; ആസിഫ് അലി ആദ്യമായി രാജീവ് രവിക്കൊപ്പം

By Web TeamFirst Published Dec 9, 2020, 2:03 PM IST
Highlights

കേരളവും രാജസ്ഥാനും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 26ന് ആണ്. കൊവിഡ് കാരണമാണ് ചിത്രീകരണം ഇത്രയും നീണ്ടത്. 

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി. ചിത്രീകരണ സംഘം കേരളത്തില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുമുണ്ട്. ആസിഫ് അലി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണിത്.

 

കേരളവും രാജസ്ഥാനും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 26ന് ആണ്. കൊവിഡ് കാരണമാണ് ചിത്രീകരണം ഇത്രയും നീണ്ടത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. നിവിന്‍ പോളി നായകനാവുന്ന 'തുറമുഖ'മാണ് രാജീവ് രവിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ശ്രദ്ധേയ ചിത്രം. 

click me!