'ശ്രീനിയേട്ടന്‍റെ വാക്ക്, മമ്മൂക്കയുടെ ഓഫര്‍'; 'മറവത്തൂര്‍ കനവി'ന്‍റെ 25-ാം വര്‍ഷത്തില്‍ ലാല്‍ജോസ് പറയുന്നു

Published : Apr 09, 2023, 12:37 AM IST
'ശ്രീനിയേട്ടന്‍റെ വാക്ക്, മമ്മൂക്കയുടെ ഓഫര്‍'; 'മറവത്തൂര്‍ കനവി'ന്‍റെ 25-ാം വര്‍ഷത്തില്‍ ലാല്‍ജോസ് പറയുന്നു

Synopsis

"അവരെല്ലാം ചേർന്ന് നിറച്ച് തന്ന ഊർജ്ജമാണ് ‘ഒരു മറവത്തൂർ കനവാ’യി മാറിയത്"

മലയാളത്തില്‍ ഒട്ടനവധി പ്രശസ്ത സംവിധായകരുടെ ആദ്യ ചിത്രങ്ങളില്‍ നായകന്‍ മമ്മൂട്ടി ആയിരുന്നു. ലാല്‍ജോസും അമല്‍ നീരദും അന്‍വര്‍ റഷീദും ആഷിക് അബുവുമൊക്കെ ആ നിരയിലുണ്ട്. ഇപ്പോഴിതാ തന്‍റെ ആദ്യ ചിത്രം ഒരു മറവത്തൂര്‍ കനവ് പുറത്തെത്തിയതിന്‍റെ 25-ാം വാര്‍ഷികത്തില്‍ ആ പ്രോജക്റ്റ് ഉണ്ടായിവന്ന വഴി അനുസ്മരിക്കുകയാണ് ലാല്‍ജോസ്. ശ്രീനിവാസന്‍റെ വാക്കും മമ്മൂട്ടിയുടെ ഓഫറുമാണ് ആ സിനിമ സാധ്യമാക്കിയതെന്ന് പറയുന്നു ലാല്‍ജോസ്.

ലാല്‍ജോസിന്‍റെ കുറിപ്പ്

ഏപ്രിൽ 8 - എന്റെ ആദ്യ സിനിമ, മറവത്തൂർ കനവ് റിലീസായിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുന്നു. ഒരു പിടി വലിയ മനുഷ്യരുടെ സന്മനസ്സാണ് എന്നെ വഴിനടത്തുന്നത്.  ഈ ദിവസം ഞാൻ അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. തൊണ്ണൂറുകളുടെ രണ്ടാം പാതിയിൽ വധു ഡോക്ടറാണ് എന്ന സിനിമയുടെ അസോസിയേററായി സെററിൽ ഓടി പായുമ്പോൾ ആ ചിത്രത്തിന്റെ നിർമ്മാതാക്കളായിരുന്ന അലക്സാണ്ടർ മാത്യു പൂയപ്പളളിയും ഡോക്ടർ ബ്രൈറ്റുമാണ് അവരുടെ അടുത്ത പടത്തിലൂടെ എന്നെ സ്വതന്ത്ര സംവിധായകനാക്കാം എന്ന ഓഫർ വയ്ക്കുന്നത്. ഉടനടി ഒരു തീരുമാനത്തിന് ധൈര്യമില്ലാത്തതിനാൽ ശ്രീനിയേട്ടനോ ലോഹിസാറോ തിരക്കഥയെഴുതിതന്നാൽ സംവിധാനം ചെയ്യാം എന്നൊരു അതിമോഹം പറഞ്ഞു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ശ്രീനിയേട്ടന്റെ ചെവിയിലും ഈ വിവരം അവർ എത്തിച്ചു.

ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടന്റെ മറുപടി - ലാൽ ജോസാണെങ്കി ഞാൻ എഴുതാം. ആ വാക്കിന്റെ മാത്രം ബലത്തിൽ ഒരു പ്രൊജക്ടിന് ചിറക് മുളച്ചു. രണ്ട് കൊല്ലം ശ്രീനിയേട്ടനൊപ്പം പല സെററുകളിൽ കഥാ ചർച്ച. അതിനിടെ ഉദ്യാനപാലകനിൽ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്നം - ആരാണ് നിന്റെ പടത്തിലെ നായകൻ. കഥ ആലോചനകൾ നടക്കുന്നേയുളളൂ എന്ന് എന്റെ മറുപടി. കഥയായി വരുമ്പോ അതിലെ നായകന് എന്റെ ഛായയാണെന്ന് നിനക്ക് തോന്നിയാൽ  ഞാൻ അഭിനയിക്കാമെന്ന് മമ്മൂക്ക. ശ്രീനിയേട്ടന്റെ വാക്ക്, മമ്മൂട്ടിയുടെ ഓഫർ, അലക്സാണ്ടർ മാത്യുവിന്റേയും ഡോക്ടർ ബ്രൈറ്രിന്റേയും ഉത്സാഹം, ലാൽജോസെന്ന ചെറുപ്പക്കാരനിൽ ഇവരെല്ലാം ചേർന്ന് നിറച്ച് തന്ന ഊർജ്ജമാണ് ‘ഒരു മറവത്തൂർ കനവാ’യി മാറിയത്.

1997 ഡിസംബറിൽ ഷൂട്ട് തുടങ്ങി, 1998 ഏപ്രിൽ എട്ടിന് റിലീസായി. എന്നെ സഹസംവിധായകനായി കൂടെ കൂട്ടിയ കമൽ സാർ, എന്നെ വിശ്വസിച്ച് എന്റെ ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടൻ, പുതുമുഖ സംവിധായകന്റെ നായകനായ മഹാനടൻ, സിനിമ വലുതായപ്പോ നിർമ്മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കർ - നന്ദി പറയേണ്ടവരുടെ പട്ടിക തീരുന്നില്ല. അതെന്റെ ജീവനോളം വലിയ ഒരു സുദീർഘ ലിസ്ററാണ്. അവരോടെല്ലാമുളള കടപ്പാട് എന്നും എന്റെ ഹൃദയത്തിൽ മിടിക്കുന്നുണ്ടെന്ന് മാത്രം പറയട്ടെ. ഇരുപത്തിയഞ്ച് വർഷത്തിനിടെ ഞാൻ ചെയ്ത ഇരുപത്തിയേഴ് സിനിമകളെ ഏറ്റെടുത്ത പ്രേക്ഷകർ.. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ എന്നെ സ്നേഹിക്കുന്നവർ. നന്ദി പറഞ്ഞ് ഞാൻ ചുരുക്കുന്നില്ല - സ്നേഹത്തോടെ ഓർക്കുന്നു. ഏവർക്കും ഈസ്റ്റർ - വിഷു ആശംസകൾ !

ALSO READ : 'മധുവിന്‍റെ കുടുംബത്തോടും പ്രേക്ഷകരോടും ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു'; ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'