'ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്‍റെ കിക്ക്' പങ്കുവെച്ച് ലാല്‍ജോസ്

Published : Apr 29, 2019, 10:14 PM ISTUpdated : Apr 29, 2019, 11:14 PM IST
'ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്‍റെ കിക്ക്' പങ്കുവെച്ച് ലാല്‍ജോസ്

Synopsis

'നാൽപ്പത്തിയൊന്നിന്‍റെ ഷൂട്ട് കഴിഞ്ഞദിവസം തൃശൂര്‍ കെ എസ് ആർ ടിസി സ്റ്റാൻറിലായിരുന്നു. ഇവിടെ നിൽക്കുമ്പോൾ കാതോരത്ത് എത്രയെത്ര ഓർമ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..'

തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍റിനെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ പങ്കുവെച്ച് സംവിധായകന്‍ ലാല്‍ ജോസ്. കുട്ടിക്കാലത്തും കോളേജ് പഠനകാലത്തും തൃശൂര്‍ സ്റ്റാന്‍റ്  വഴി ചെയ്ത യാത്രകളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമാണ് ലാല്‍ ജോസിന്‍റെ ഫേസ്ബുക്ക് കുറിപ്പിലുള്ളത്. ബിജുമേനോന്‍ നായകനായെത്തുന്ന നാല്‍പ്പത്തിയൊന്നിന്‍റെ ഷൂട്ട്  കഴിഞ്ഞ ദിവസം തൃശൂര്‍ കെ എസ് ആർ ടി സി സ്റ്റാന്‍റിലായിരുന്നു. ബിജുവുമായി തൃശൂര്‍ സ്റ്റാന്‍റും ക്യാന്‍റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോൾ ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്‍റെ കിക്കെന്നാണ് ലാല്‍ കുറിച്ചിരിക്കുന്നത്.

ലാല്‍ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം


നാൽപ്പത്തിയൊന്നിന്‍റെ ഷൂട്ട് കഴിഞ്ഞദിവസം തൃശൂര്‍ കെ എസ് ആർ ടിസി സ്റ്റാൻറിലായിരുന്നു. ഇവിടെ നിൽക്കുമ്പോൾ കാതോരത്ത് എത്രയെത്ര ഓർമ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..ദീർഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ഒറ്റപ്പാലത്ത് നിന്നുളള യാത്രകളിൽ തൃശൂര്‍ സ്റ്റാൻറായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റിൽ കിടന്ന് വരെ ഞാൻ ഈ സ്റ്റാൻറിലൂടെ യാത്രചെയ്തിട്ടുണ്ട്. 

കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ..എന്‍റെ പ്രിഡിഗ്രി മാർക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിൻസിപ്പാൾമാർ ഞെട്ടിയതിനാൽ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷൻ തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒൻപതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകൾ. ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എൻ എസ് എസ്സിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ തൃശൂര്‍ രാത്രികൾക്ക് താത്കാലിക ഇടവേള. 

പിന്നീട് സിനിമയിൽ അസിസ്റ്റന്‍റായി എത്തിയകാലത്ത് മുണ്ടിന് പകരം ബെൽറ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശൂര്‍ സ്റ്റാന്‍റ് സംഭവം തന്നെയായിരുന്നു. ക്യാന്‍റീനില്‍ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങൾ..അക്കാലത്ത് രാത്രി ബസുകള്‍ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ് സ്റ്റാന്‍റിലെ ഉരുളൻ തൂണുകൾ തലയിണകളായി. വഴിനീളെ കണ്ണിൽ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്സിലെ അവസാനശ്വാസവുമായി തൃശൂര്‍ വരെ എത്താനായാൽ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങൾ.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോൻ അവനാണ് നാൽപ്പത്തിയൊന്നിലെ നായകൻ. ❣ബിജുവുമായി തൃശൂര്‍ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോൾ ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്റെ കിക്ക്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ