
സൗബിന്‍ ഷാഹിറിനെയും മംമ്ത മോഹന്‍ദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബൈയില്‍ ആരംഭിച്ചു. ലാല്‍ജോസിന്‍റെ മുന്‍ചിത്രങ്ങളായ അറബിക്കഥയും ഡയമണ്ട് നെക്‍ലെയ്‍സും പ്രധാന ഭാഗങ്ങള്‍ ദുബൈയില്‍ ചിത്രീകരിച്ച സിനിമകളായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ണ്ണമായും ഗള്‍ഫിലാണ്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് തിരക്കഥ.
ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്‍ലെയ്‍സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ദുബൈ പശ്ചാത്തലമാക്കി ഒരു ചിത്രം ഡിസംബര്‍ മധ്യക്കോടെ ആരംഭിക്കുമെന്ന് ലാല്‍ജോസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവിട്ടത്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്‍മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. കല അജയന്‍ മങ്ങാട്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. വസ്ത്രാലങ്കാരം സമീറ സനീഷ്. സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ. വിതരണം എല്‍ ജെ ഫിലിംസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ