
ദില്ലി: നെഹ്റുവിനെ കരയിച്ച ദേശഭക്തി ഗാനത്തിന്‍റെ പിറവി മുതല്‍ ദില്ലിയുമായി അഭേദ്യമായ ബന്ധമാണ് ലതാ മങ്കേഷ്ക്കര്‍ (Lata Mangeshkar) പുലര്‍ത്തിയിരുന്നത്. 1963 ജനുവരി 27 ന് രാംലീല മൈതാനിയിലാണ് "യേ മേരേ വദന്‍ കേ ലോഗോന്‍" എന്ന ഗാനം ലതാ മങ്കേഷ്ക്കറിന്‍റെ മധുര സ്വരത്തില്‍ ആദ്യമായി ഉയര്‍ന്ന് കേട്ടത്. ഇന്ത്യ ചൈന യുദ്ധത്തിന്‍റെ തൊട്ടുപിന്നാലെ ദേശീയ പ്രതിരോധ ഫണ്ട് സ്വരൂപിക്കാനായി സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയുണ്ടായിരുന്നു അന്ന്. കവി പ്രദീപിന്‍റെ വരികള്‍ക്ക് സി രാമചന്ദ്ര ഈണമിട്ട ദേശാഭിമാനം തുളുമ്പുന്ന വരികള്‍ ലതാ മങ്കേഷ്ക്കര്‍ ആലപിച്ച് ചരിത്രമാക്കുകയായിരുന്നു.
പാട്ടുപാടി കഴിഞ്ഞ ശേഷം അടുത്തേക്ക് വിളിപ്പിച്ച നെഹ്റു നീയെന്ന കരയിച്ചല്ലോ എന്നാണ് ലതാ മങ്കേഷ്ക്കറോട് പറഞ്ഞത്. ഇന്ത്യ ചൈന യുദ്ധത്തില്‍ ദുഖിതനായിരുന്ന നെഹ്റുവിനെ ഈ ഗാനം ഏറെ സ്വാധീനിച്ചു. ആ കണ്ണുകളില്‍ കണ്ട നനവായിരുന്നു തനിക്കുള്ള അംഗീകാരമെന്ന് ലതാ മങ്കേഷ്ക്കര്‍ പീന്നീട് പലയിടങ്ങളിലും അനുസ്മരിച്ചു. നിനച്ചിരിക്കാതെ പാര്‍ലമെന്‍റിലേക്ക് എത്തിയതും തന്‍റെ ജീവിതത്തിലെ നിയോഗങ്ങളിലൊന്നായിരുന്നുവെന്ന് ലതാ മങ്കേഷ്ക്കര്‍ പറയുമായിരുന്നു.
രാഷ്ട്രീയത്തില്‍ നിന്ന് എന്നും അകന്ന് നില്‍ക്കാന്‍ ശ്രമിച്ച ലതാ മങ്കേഷ്കര്‍ 1999 ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. വാജ്പേയിയുടെയും, അദ്വാനിയുടെയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം മൂലം അങ്ങനെയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു എന്നാണ് ലതാ മങ്കേഷ്ക്കര്‍ പറഞ്ഞത്. അങ്ങനെ ഇന്ത്യയുടെ വാനമ്പാടിയുടെ ശബ്ദം പാര്‍ലമെന്‍റിലും ഉയര്‍ന്നു. തന്‍റെ രാജ്യം എന്നും കരുത്തുറ്റതും വികസനത്തില്‍ മുന്‍പന്തിയിലാകണമെന്നും ലതാ മങ്കേഷ്ക്കര്‍ ആഗ്രഹിച്ചിരുന്നു. നികത്താനാകാത്ത വിടവെന്ന് രാജ്യം തേങ്ങുമ്പോള്‍ ദേശാഭിമാനത്തിന്‍റെ കൂടി ശബ്ദമായി ലതാ മങ്കേഷ്കകര്‍ അനശ്വരയാകുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ