Lata Mangeshkar : 'ഡോക്ടർ പറഞ്ഞാൽ വീട്ടിലേക്ക്'; ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം

By Web TeamFirst Published Jan 20, 2022, 9:34 AM IST
Highlights

2019ൽ ന്യൂമോണിയ ബാധയെ തുടർന്ന് ലതാ മങ്കേഷ്കർ ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതേ തുടർന്ന് പൂർണ വിശ്രമത്തിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്.

കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ(Lata Mangeshkar) ആരോ​ഗ്യനില തൃപ്തികരം. അനുഷ ശ്രീനിവാസ അയ്യർ എന്ന വക്താവാണ് ഇക്കാര്യം അറിയിച്ചത്. 'ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് മടങ്ങാനാകും' എന്നാണ് അനുഷ ശ്രീനിവാസ പറഞ്ഞത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ലത മങ്കേഷ്‌കറിന്റെ നില മോശമായെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. അത് വാസ്തവ വിരുദ്ധമാണെന്ന് അനുഷ വ്യക്തമാക്കിയിരുന്നു. ജനുവരി 11നായിരുന്നു കൊവിഡ് ബാധയെ തുടർന്ന് ലതാ മങ്കേഷ്കറിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.  പ്രായം കണക്കിലെടുത്താണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ എന്നും കുടുബം പറഞ്ഞിരുന്നു. 

2019ൽ ന്യൂമോണിയ ബാധയെ തുടർന്ന് ലതാ മങ്കേഷ്കർ ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതേ തുടർന്ന് പൂർണ വിശ്രമത്തിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ തന്റെ 92മത്തെ പിറന്നാൾ ആഘോഷിച്ചത്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‍കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു ആദ്യ പേര്. ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്. 

click me!