തീയേറ്ററുകള്‍ അടച്ചതിനുശേഷം ബോളിവുഡിലെ ആദ്യ ബിഗ് റിലീസ്; അക്ഷയ് കുമാറിന്‍റെ 'ലക്ഷ്‍മി ബോംബ്' റിലീസ് തീയ്യതി

By Web TeamFirst Published Sep 16, 2020, 4:54 PM IST
Highlights

സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ ദില്‍ ബേചാര ഉള്‍പ്പെടെ പല ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസ് ആയി ബോളിവുഡില്‍ ഇതിനകം എത്തിയെങ്കിലും ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രം എത്തുന്നത് ആദ്യമാണ്

തീയേറ്ററുകള്‍ മാസങ്ങളായി അടഞ്ഞു കിടക്കുന്ന കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ ആശ്രയിക്കുന്നത് നേരിട്ടുള്ള ഒടിടി റിലീസിനെയാണ്. മുന്‍പ് തീയേറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചതിന് ശേഷമാണ് ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തിയിരുന്നതെങ്കില്‍ മാറിയ സാഹചര്യത്തില്‍ അവയെ റിലീസിംഗ് പ്ലാറ്റ്ഫോം ആയി കണ്ടുതുടങ്ങി നിര്‍മ്മാതാക്കള്‍. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ ഇതിനകം ഒന്നിലധികം ഒടിടി റിലീസുകള്‍ സംഭവിച്ചെങ്കിലും വലിയ ബജറ്റില്‍ ഒരുങ്ങിയ ഒരു സൂപ്പര്‍താര ചിത്രം അത്തരത്തില്‍ ഇതുവരെ റിലീസ് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ബോളിവുഡില്‍ ഇതാ അത്തരത്തിലുള്ള ആദ്യ റിലീസിന്‍റെ തീയ്യതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ലക്ഷ്മി ബോംബ് ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നതാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയ്യതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ദീപാവലി റിലീസ് ആയി നവംബര്‍ ഒന്‍പതിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ ദില്‍ ബേചാര ഉള്‍പ്പെടെ പല ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസ് ആയി ബോളിവുഡില്‍ ഇതിനകം എത്തിയെങ്കിലും ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രം എത്തുന്നത് ആദ്യമാണ്.

Iss Diwali aapke gharon mein “laxmmi” ke saath ek dhamakedar “bomb” bhi aayega. Aa rahi hai 9th November ko, only on !
Get ready for a mad ride kyunki 💥 pic.twitter.com/VQgRGR0sNg

— Akshay Kumar (@akshaykumar)

തമിഴ് ഹൊറര്‍ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. ഒറിജിനല്‍ സംവിധാനം ചെയ്തതും രാഘവ ലോറന്‍സ് ആയിരുന്നു. കിയാര അദ്വാനിയാണ് നായിക. തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്.

click me!