
പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉണര്‍ത്തിയിരിക്കുന്ന മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഒന്നാണ് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്. ഓണം റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പക്ഷേ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനിക്കാത്തതിനാല്‍ ഇനിയും എത്തിയിട്ടില്ല. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ എപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് ഗോള്‍ഡ് എപ്പോള്‍ എത്തും എന്നത്. നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫനും ഈ ചോദ്യം നേരിടേണ്ടിവന്നു. അതിന് സ്വതസിദ്ധമായ ശൈലിയില്‍ തമാശയുടെ മേമ്പൊടിയില്‍ ലിസ്റ്റിന്‍ പറഞ്ഞ മറുപടി സിനിമാപ്രേമികളുടെ ഇടയില്‍ വൈറല്‍ ആണ്.
ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരി എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലിസ്റ്റിനു നേരെ ഗോള്‍ഡ് റിലീസ് സംബന്ധിച്ച ചോദ്യമുണ്ടായത്. കുമാരിയുടെ വിതരണം ലിസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ്. ഗോള്‍ഡ് റിലീസ് സംബന്ധിച്ച എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന ചോദ്യത്തിന് ലിസ്റ്റിന്‍റെ മറുപടി ഇങ്ങനെ- ആ സിസ്റ്റം ഹാങ് ആയിട്ട് കിടക്കുവാ. അതൊന്ന് റെഡി ആയിട്ടുവേണം ഞങ്ങള്‍ക്ക് അതിന്‍റെ ഒരു അപ്ഡേറ്റ് തരാനായിട്ട്. സീരിയസ് ആയിട്ട് പറഞ്ഞതാ, പൊട്ടിച്ചിരികള്‍ക്കിടെ ലിസ്റ്റിന്‍റെ വാക്കുകള്‍.
റിലീസ് നീട്ടിയതിനു പിന്നാലെ ചിത്രത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രത്തിന്‍റെ ഫയല്‍ ഡിലീറ്റ് ആയിപ്പോയി എന്നതായിരുന്നു അതില്‍ ഒന്ന്. അതേക്കുറിച്ചുള്ള ചോദ്യത്തിനും ഉരുളയ്ക്ക് ഉപ്പേരി എന്ന മട്ടിലായിരുന്നു ലിസ്റ്റിന്‍റെ മറുപടി- അത് വേറൊരു സിസ്റ്റത്തില്‍ കിടപ്പുണ്ടായിരുന്നു. അതുകൊണ്ട് കുഴപ്പമില്ല, ലിസ്റ്റിന്‍ പറഞ്ഞു.
പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ