
തീയേറ്ററുകളില്‍ മികച്ച പ്രേക്ഷകാഭിപ്രായവുമായി തുടരുകയാണ് മമ്മൂട്ടി നായകനായ ചിത്രം ഉണ്ട. ഛത്തിസ്‍ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്‍റെ കഥ പറയുന്ന ചിത്രത്തിന് മികച്ച നിരൂപക ശ്രദ്ധയും ലഭിച്ചു. ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്റ. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി തിരുവനന്തപുരത്ത് പ്രത്യേകം സംഘടിപ്പിച്ച പ്രദര്‍ശനം കാണാനെത്തിയതായിരുന്നു അദ്ദേഹം. താന്‍ രണ്ടാംതവണയാണ് ചിത്രം കാണുന്നതെന്നും വളരെ കൗതുകമുണര്‍ത്തിയ ചിത്രമാണെന്നും പറയുന്നു അദ്ദേഹം.
'ഉണ്ട'യെക്കുറിച്ച് ഡിജിപി ലോക്‍നാഥ് ബെഹ്റ
"വളരെ ഇന്‍ററസ്റ്റിംഗ് മൂവി ആണ്. ഞാന്‍ നേരത്തേ കണ്ടിരുന്നു. അന്ന് കണ്ടപ്പോള്‍ ഞങ്ങളൊരു തീരുമാനമെടുത്തു, ഇത് പൊലീസ് ഉദ്യോഗസ്ഥരെ കാണിക്കണമെന്ന്. ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഈ സിനിമയുടെ പ്രത്യേകതയായി എനിയ്ക്ക് തോന്നിയത്, ഒരു ഡോക്യുമെന്‍ററി ഫോര്‍മാറ്റിലാണ് ഇത് ചെയ്തിരിക്കുന്നത്. ഒരുപാട് ഡയലോഗുകളൊന്നുമില്ല. വളരെ സ്വാഭാവികമായിട്ടാണ് എല്ലാം. സിനിമയുടെ ഗ്രാമര്‍ വളരെ നല്ലതാണ്. കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെടും, കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെടില്ല. വളരെ ത്രില്ലര്‍ ആയിരിക്കുമെന്നാവും പ്രേക്ഷകരുടെ പ്രതീക്ഷ. പക്ഷേ പതുക്കെ മുന്നോട്ടുപോകുന്ന സിനിമയാണ്. നല്ല സിനിമയാണ്. വെരി വെല്‍ മേഡ്. പൊലീസിനെ വിമര്‍ശിക്കുന്നുമുണ്ട് ചിലയിടത്തൊക്കെ. നല്ല കാര്യങ്ങളും പറയുന്നുണ്ട്. അവസാന രംഗം വളരെ ഇന്‍സ്പയറിംഗ് ആണ്. ഒത്തൊരുമയുണ്ടെങ്കില്‍ ഒരു ചെറിയ ഫോഴ്സിന് പല സന്ദര്‍ഭങ്ങളെയും കൈകാര്യം ചെയ്യാനാവുമെന്ന് ആ രംഗത്തില്‍ കാണിക്കുന്നുണ്ട്. അത് നന്നായിട്ടുണ്ട്. വ്യത്യസ്തമായ സിനിമയാണ്.."
ആവശ്യത്തിന് വെടിയുണ്ട പോലും ഇല്ലാതെ അപായകരമായ സ്ഥലത്ത് ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണല്ലോ ചിത്രം പറയുന്നത് എന്ന ചോദ്യത്തിന് ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. "ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെ സംഭവിക്കാം. പക്ഷേ കൃത്യ സമയത്തുള്ള തീരുമാനം വളരെ പ്രധാനമാണ്. സിനിമയുണ്ടാക്കുന്ന സമയത്ത് 100 ശതമാനം യഥാര്‍ഥ ജീവിതമായിരിക്കില്ല സാധാരണ കാണിക്കുന്നത്. പക്ഷേ ഈ സിനിമയുടെ ഭൂരിഭാഗവും യഥാതഥമെന്ന് തോന്നുന്ന തരത്തിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്." ഡിജിപി പറഞ്ഞവസാനിപ്പിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ