
കേരളത്തിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പു നൽകി സംവിധായകൻ ലോകേഷ് കനകരാജ്. ചെറിയൊരു പരിക്ക് പറ്റിയെന്നും എല്ലാവരെയും കാണാനായതിൽ സന്തോഷമുണ്ടെന്നും ലോകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ലിയോ പ്രൊമോഷന്റെ ഭാഗമായി ഇന്നാണ് സംവിധായകൻ സംസ്ഥാനത്ത് എത്തിയത്. എന്നാൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തിൽപ്പെട്ട് അദ്ദേഹത്തിന് പരിക്ക് പറ്റി. പിന്നാലെ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
"നിങ്ങളുടെ സ്നേഹത്തിന് കേരളത്തോട് നന്ദി.. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരിക്ക് പറ്റി. അതുകൊണ്ട് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. കേരളത്തിലെ നിങ്ങൾ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരൂ", എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.
ഒക്ടോബര്‍ 9ന് ആയിരുന്നു ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലിയോ റിലീസ് ചെയ്തത്. പ്രീ-സെയില്‍ ബിസിനസിലൂടെ തന്നെ റെക്കോര്‍ഡ് ഇട്ട ചിത്രം ബോക്സ് ഓഫീസിലും ചരിത്രം കുറിച്ചിരുന്നു. ലോകമെമ്പാടും ചിത്രം മികച്ച പ്രടകനം കാഴ്ചവച്ച് മുന്നേറുന്നതിനിടെ ആണ് പ്രൊമോഷന്‍റെ ഭാഗമായി ലോകേഷ് കേരളത്തില്‍ എത്തിയത്. പാലക്കാട് അരോമ തിയറ്ററില്‍ എത്തിയ സംവിധായകനെ കാണാന്‍ നൂറ് കണക്കിന് പേരായിരുന്നു തടിച്ചു കൂടിയത്. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട ലോകേഷിന്‍റെ കാലിന് പരിക്ക് ഏല്‍ക്കുക ആയിരുന്നു. പിന്നാലെ ചെന്നൈയിലേക്ക് പോയ ലോകേഷ് കേരളത്തില്‍ നടത്താനിരുള്ള പ്രൊമോഷന്‍ പരിപാടികളും റദ്ദാക്കി.
കേരളത്തിൽ 'ലിയോ' ആവേശം, തടിച്ചുകൂടി ആരാധകര്‍; ലോകേഷിന് പരിക്ക്, ലാത്തി വീശി പൊലീസ്
അതേസമയം, തലൈവര്‍ 171 ആണ് ലോകേഷിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. രജനികാന്ത് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രം, തലൈവര്‍ 170 കഴിഞ്ഞാല്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..