രജനീകാന്തിനെ നായകനാക്കി ലോകേഷ് ചിത്രം വരുന്നു; രജനിയുടെ അവസാന സിനിമ?

Published : May 18, 2023, 11:59 AM IST
രജനീകാന്തിനെ നായകനാക്കി ലോകേഷ് ചിത്രം വരുന്നു; രജനിയുടെ അവസാന സിനിമ?

Synopsis

ജയിലര്‍ ആണ് രജനിയുടേതായി പുറത്തെത്താനുള്ള ചിത്രം

തമിഴ് സിനിമാപ്രേമികള്‍ ഇന്ന് ഏറ്റവുമധികം ബഹുമാനം നല്‍കുന്ന സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. പുതുകാലത്തോട് ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യാഖ്യാനത്തോടെ, അതേസമയം മാസ് ഓഡിയന്‍സിനെ തൃപ്തിപ്പെടുത്തിയ സംവിധായകനാണ് അദ്ദേഹം. അതും പല വട്ടം. കമല്‍ ഹാസന്‍ ടൈറ്റില്‍ റോളില്‍ എത്തിയ വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആണ് നായകന്‍. ലിയോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോളിവുഡില്‍ ഇന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന പ്രോജക്റ്റ് ആണ്. ഇപ്പോഴിതാ ലോകേഷ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള മറ്റൊരു പ്രോജക്റ്റും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും നിറയുകയാണ്. തമിഴ് സിനിമയുടെ തലൈവര്‍ സാക്ഷാല്‍ രജനികാന്ത് ആണ് ഇതിലെ നായകന്‍.

ഇത്തരം ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ എത്തിയിരുന്നു. ഇത് രജനികാന്തിന്‍റെ കരിയറിലെ 171-ാം ചിത്രം ആയിരിക്കുമെന്നും. ഇപ്പോഴിതാ മറ്റൊരു സംവിധായകന്‍ ഈ പ്രോജക്റ്റ് സ്ഥിരീകരിച്ചിരിക്കുകയാണ്. സംവിധായകന്‍ മിഷ്കിന്‍ ആണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോകേഷിന്‍റെ ലിയോയില്‍ മിഷ്കിന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ലോകേഷ് രജനീകാന്തുമൊത്ത് ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും ഇതില്‍ ലോകേഷിനെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും മിഷ്കിന്‍ പറയുന്നു. ലോകേഷിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം രജനി തന്നെയാണ് അറിയിച്ചതെന്നും അത് രജനിയുടെ അവസാന ചിത്രം ആയേക്കാന്‍ സാധ്യതയുണ്ടെന്നും. അവസാന ചിത്രമാണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും മിഷ്കിന്‍ പറയുന്നു.

അതേസമയം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലര്‍ ആണ് രജനിയുടേതായി പുറത്തെത്താനുള്ള ചിത്രം. മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുന്നു എന്നത് ചിത്രം പകരുന്ന കൗതുകങ്ങളില്‍ ഒന്നാണ്. ശിവരാജ്‍കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, സുനില്‍, ജാക്കി ഷ്രോഫ് എന്നിവരൊക്കെ ജയിലറില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.

ALSO READ : 'റോബിന്‍ അവിടിരിക്കൂ'; തര്‍ക്കം പരിഹരിക്കാനെത്തിയ 'അതിഥി'യോട് അഖില്‍ മാരാര്‍

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്