ലൂസിഫറിന് 'യു/എ' സര്‍ട്ടിഫിക്കറ്റ്; 1500ല്‍ അധികം തീയേറ്ററുകളില്‍ 28ന്

By Web TeamFirst Published Mar 18, 2019, 4:30 PM IST
Highlights

28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല. ചുരുക്കം വാക്കുകളിലാണ് പൃഥ്വിയും മോഹന്‍ലാലും മുരളി ഗോപിയുമൊക്കെ ഇതുവരെ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. 

മലയാളി സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറി'ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് 'യു/എ' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂറാണ് ദൈര്‍ഘ്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഈ മാസം 28ന് ചിത്രം തീയേറ്ററുകളിലെത്തും. ലോകമെമ്പാടും 1500ല്‍ ഏറെ തീയേറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തേ പറഞ്ഞിരുന്നു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, നായകനാവുന്നത് മോഹന്‍ലാല്‍, തിരക്കഥയൊരുക്കുന്നത് മുരളി ഗോപി.. ഇത്തരത്തില്‍ പല ഘടകങ്ങളാല്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയ ചിത്രമാണ് ലൂസിഫര്‍. 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല. ചുരുക്കം വാക്കുകളിലാണ് പൃഥ്വിയും മോഹന്‍ലാലും മുരളി ഗോപിയുമൊക്കെ ഇതുവരെ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. 

വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.

click me!