റിലീസിന്റെ അന്‍പതാം ദിനത്തില്‍ 'ലൂസിഫര്‍' ആമസോണ്‍ പ്രൈമില്‍; സ്ട്രീമിംഗ് മറ്റന്നാള്‍

By Web TeamFirst Published May 14, 2019, 3:57 PM IST
Highlights

വന്‍ വിജയം നേടിയ ഒരു മലയാളചിത്രം അന്‍പതാം ദിനത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ആദ്യമായിരിക്കും.

തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' ആമസോണ്‍ പ്രൈമിലേക്ക്. റിലീസിന്റെ അന്‍പതാം ദിനത്തിലാണ് ആമസോണ്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. മറ്റന്നാളാണ് (16 വ്യാഴം) ലൂസിഫര്‍ തീയേറ്ററുകളില്‍ അന്‍പത് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

if God doesn’t want us to see evil, then tell us why are we getting Lucifer on our service on May 16? tell na

— Amazon Prime Video IN (@PrimeVideoIN)

എന്നാല്‍ മലയാളത്തില്‍ മാത്രമല്ല ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍ എത്തുക. സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലും ലഭ്യമായിരിക്കുമെന്ന് ആമസോണ്‍ പ്രൈം ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. വന്‍ വിജയം നേടിയ ഒരു മലയാളചിത്രം അന്‍പതാം ദിനത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ആദ്യമായിരിക്കും.

the Malayalam blockbuster Lucifer will also be available to stream in Tamil and Telugu. stay tuned 💙

— Amazon Prime Video IN (@PrimeVideoIN)

ഒരു മലയാളചിത്രം നേടുന്ന എക്കാലത്തെയും വലിയ കളക്ഷനുകളില്‍ ഒന്നാണ് ലൂസിഫര്‍ സ്വന്തം പേരിലാക്കിയത്. മുന്‍പ് ഒരു മലയാളചിത്രത്തിന് സങ്കല്‍പിക്കാന്‍ കഴിയാതിരുന്ന തരത്തില്‍, വെറും 21 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. കേരളത്തിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലും ഇപ്പോഴും പ്രദര്‍ശനങ്ങള്‍ തുടരുന്ന ചിത്രത്തിന്റെ പിന്നീടുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. എങ്കില്‍ത്തന്നെയും ലൂസിഫറാവും നിലവില്‍ എക്കാലത്തെയും വലിയ മലയാളം ഹിറ്റ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നെങ്കിലും ഇത്ര ചുരുങ്ങിയ ദിവസങ്ങളില്‍ ആയിരുന്നില്ല ചിത്രത്തിന്റെ നേട്ടം. 

click me!