ആദ്യം 'രാജ', പിന്നാലെ 'സ്റ്റീഫന്‍ നെടുമ്പള്ളി'; ടീസറും ട്രെയ്‍ലറും ഇന്ന്

By Web TeamFirst Published Mar 20, 2019, 1:06 PM IST
Highlights

മധുരരാജയുടെ ടീസറാണ് ആദ്യം പുറത്തുവരിക. വൈകിട്ട് ആറിനാണ് വീഡിയോ പുറത്തെത്തുക. രാത്രി 9നാണ് ലൂസിഫറിന്റെ ട്രെയ്ലര്‍ ലോഞ്ച്. ചിത്രത്തിന്റെ ടീസര്‍ നേരത്തേ പുറത്തെത്തിയിരുന്നു.
 

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ സീസണില്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രേക്ഷകര്‍ക്കും ചലച്ചിത്ര വ്യവസായത്തിനും ഒരേപോലെ പ്രതീക്ഷയുള്ള രണ്ട് സിനിമകള്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' ആണ് മോഹന്‍ലാല്‍ ചിത്രമെങ്കില്‍ 'പുലിമുരുകന്‍' എന്ന മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യാണ് മമ്മൂട്ടിയുടെ ചിത്രം. ലൂസിഫര്‍ 28ന് തീയേറ്ററുകളില്‍ എത്തുമെങ്കില്‍ വിഷു റിലീസാണ് മധുരരാജ. അതേസമയം ലൂസിഫറിന്റെ ട്രെയ്ലറും മധുരരാജയുടെ ടീസറും ഇന്ന് പുറത്തെത്തും.

ഇതില്‍ മധുരരാജയുടെ ടീസറാണ് ആദ്യം പുറത്തുവരിക. വൈകിട്ട് ആറിനാണ് വീഡിയോ പുറത്തെത്തുക. രാത്രി 9നാണ് ലൂസിഫറിന്റെ ട്രെയ്ലര്‍ ലോഞ്ച്. ചിത്രത്തിന്റെ ടീസര്‍ നേരത്തേ പുറത്തെത്തിയിരുന്നു. തീയേറ്ററുകളിലും ഇപ്പോള്‍ ലൂസിഫറിന്റെ ടീസര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം.

click me!