
രൺവീർ സിംഗ് നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ധുരന്ധർ 2വുമായി ബന്ധപ്പെട്ട് വിക്കിപീഡിയയിൽ എഡിറ്റ് യുദ്ധം നടക്കുന്നെന്ന് സംവിധായകനും നടനുമായ എംബി പത്മകുമാർ. സിനിമ ഒരു 'പ്രൊപ്പഗണ്ട' ആണോ അല്ലയോ എന്നതിനെച്ചൊല്ലിയാണ് ഈ യുദ്ധമെന്നും ഒരു വിഭാഗം ആളുകൾ അത് പ്രൊപ്പഗണ്ടയാണെന്ന് തിരുത്തിയെഴുതുമ്പോൾ, മറുവിഭാഗം അത് വെട്ടിമാറ്റുന്നുവെന്നും പത്മകുമാർ പറയുന്നു. ന്യൂനപക്ഷത്തിന്റെ അഭിപ്രായങ്ങൾക്ക് അമിത പ്രാധാന്യം നൽകണോ എന്ന തർക്കം മൂത്തപ്പോൾ, വിക്കിപീഡിയക്ക് ആ പേജ് പൂട്ടേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയുടെ വിക്കിപീഡിയ പേജിൽ ഇപ്പോൾ ഒരു ചെറിയ 'ലോക്ക്' വീണിട്ടുണ്ട്. ആ ലോക്കിന് പിന്നിൽ നടക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ മാനസികാവസ്ഥയുടെ കൃത്യമായ പ്രതിഫലനമാണ്.
ഈ സിനിമ ഒരു 'പ്രൊപ്പഗണ്ട' ആണോ അല്ലയോ എന്നതിനെച്ചൊല്ലി വിക്കിപീഡിയ എഡിറ്റർമാരും സാധാരണക്കാരും തമ്മിൽ വലിയൊരു എഡിറ്റ് യുദ്ധം നടന്നു. ഒരു വിഭാഗം ആളുകൾ അത് പ്രൊപ്പഗണ്ടയാണെന്ന് തിരുത്തിയെഴുതുമ്പോൾ, മറുവിഭാഗം അത് വെട്ടിമാറ്റുന്നു. സിനിമയുടെ സാങ്കേതിക മികവിനെ പ്രശംസിക്കുമ്പോഴും, അതിൽ പാകിസ്താനികളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഇസ്ലാം മതത്തോടുള്ള അസഹിഷ്ണുതയുണ്ടെന്നും ചിലർ വാദിക്കുന്നു. ന്യൂനപക്ഷത്തിന്റെ അഭിപ്രായങ്ങൾക്ക് അമിത പ്രാധാന്യം നൽകണോ എന്ന തർക്കം മൂത്തപ്പോൾ, വിക്കിപീഡിയക്ക് ആ പേജ് പൂട്ടേണ്ടി വന്നു.
ഒരു ജനാധിപത്യ രാജ്യത്ത് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്നത് വളരെ നല്ലതാണ്. വിമർശനങ്ങളും ചർച്ചകളുമാണ് ഒരു സമൂഹത്തെ വളർത്തുന്നത്. എന്നാൽ, എല്ലാത്തിനെയും സ്വന്തം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടുങ്ങിയ കണ്ണാടിയിലൂടെ മാത്രം നോക്കിക്കാണാൻ തുടങ്ങിയാൽ എന്താകും അവസ്ഥ? 'ധുരന്ധർ' എന്ന സിനിമയിൽ നായകൻ പാകിസ്താനിയായ തന്റെ ഭാര്യയോട് പറയുന്ന ഒരു സംഭാഷണമുണ്ട്: "ഭാരതത്തിന് പാകിസ്താനിലെ ജനങ്ങളോട് ശത്രുതയില്ല, മറിച്ച് ഭീകരവാദത്തോടാണ് നമ്മുടെ പോരാട്ടം.
നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നമ്മുടെ വ്യക്തിപരമായ വിശ്വാസങ്ങളും വികാരങ്ങളും രാജ്യത്തിന്റെ സുരക്ഷയേക്കാൾ വലുതാണോ? അഭിപ്രായ വ്യത്യാസങ്ങൾ നമുക്കിടയിൽ ഉണ്ടാകാം. പക്ഷേ, 'നമ്മുടെ രാജ്യം' എന്ന വികാരം വരുമ്പോഴെങ്കിലും നമ്മൾ ആ ഭിന്നതകൾ മറന്ന് ഒന്നാകേണ്ടേ? അവിടെ നമ്മൾ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല, മറിച്ച് കേവലം 'ഭാരതീയർ' മാത്രമായിരിക്കണം.
വിക്കിപീഡിയയിലെ ആ 'ലോക്ക്' നമുക്കൊരു പാഠമാണ്. ഭൂരിപക്ഷ വോട്ടുകൾക്കൊണ്ടല്ല, മറിച്ച് പരസ്പരമുള്ള ചർച്ചകളിലൂടെയും സമവായത്തിലൂടെയുമാണ് ഇത്തരം തർക്കങ്ങൾ പരിഹരിക്കേണ്ടത് എന്ന് വിക്കിപീഡിയ തന്നെ പറയുന്നു. അതുപോലെ തന്നെയാണ് നമ്മുടെ രാജ്യവും. മതത്തിന്റെയും ജാതിയുടെയും പേരിൽ പരസ്പരം പോരടിക്കാതെ, 'നാം' എന്ന ഒറ്റ വികാരത്തിൽ ഒന്നിക്കാൻ കഴിഞ്ഞാൽ, ഒരു പ്രൊപ്പഗണ്ടയ്ക്കും ഡിജിറ്റൽ യുദ്ധങ്ങൾക്കും നമ്മളെ തോൽപ്പിക്കാനാകില്ല.
എന്നാൽ, ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഈ സിനിമയോട് എനിക്ക് തോന്നിയ ഏറ്റവും വലിയ വിയോജിപ്പ് അതിൻ്റെ ഉള്ളടക്കത്തോടല്ല, മറിച്ച് അമിതമായ ദൈർഘ്യത്തോടാണ്. ഏകദേശം നാല് മണിക്കൂറാണ് സിനിമയുടെ നീളം. നാല് മണിക്കൂർ നീളുന്ന ഒരു സിനിമ തിയേറ്ററുകൾക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഒട്ടും ചെറുതല്ല. ഒരു ദിവസം നടത്താൻ കഴിയുന്ന ഷോകളുടെ എണ്ണം ഗണ്യമായി കുറയുന്നു എന്നതാണ് അതിൽ പ്രധാനം. ഒപ്പം, നാല് മണിക്കൂർ തുടർച്ചയായി എ.സി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തിപ്പിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഭീമമായ വൈദ്യുതി ചിലവും. ഇതൊക്കെ തിയേറ്റർ ഉടമകളെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയാണ്.
തിയേറ്റർ വ്യവസായം നിലനിൽക്കുന്നത് തന്നെ ജനങ്ങളെ ഇവിടേക്ക് ആകർഷിക്കാൻ പോന്ന മികച്ച കണ്ടന്റുകളിലൂടെയാണ്. ജനങ്ങളെ തിയേറ്ററിലേക്ക് വലിച്ചടുപ്പിക്കുന്ന സിനിമകൾ ഒരു വർഷം എത്രയെണ്ണം ഇറങ്ങുന്നുണ്ട് എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട് (തിയേറ്ററുകളിൽ കൊള്ളവിലയ്ക്ക് ഭക്ഷണം വിൽക്കുന്ന കാര്യം തൽക്കാലം നമുക്ക് മാറ്റിനിർത്താം). OTT പ്ലാറ്റ്‌ഫോമുകളിൽ സിനിമ കാണുമ്പോൾ ഈ ദൈർഘ്യം ഒരു പ്രശ്നമേയല്ലായിരിക്കാം, പക്ഷേ തിയേറ്ററുകളുടെ കാര്യം അങ്ങനെയല്ല. സാങ്കേതികമായി എത്ര മികച്ച സിനിമയാണെങ്കിലും, എഡിറ്റിംഗ് ടേബിളിൽ കുറച്ചുകൂടി കണിശത കാണിച്ചിരുന്നെങ്കിൽ അത് തിയേറ്റർ വ്യവസായത്തിന് വലിയൊരു ആശ്വാസമായേനെ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ