
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അനുകൂലിച്ച നടന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാലാ പാര്‍വ്വതി. മതത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ഇവിടെ താമസിക്കുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ ഭയക്കേണ്ട എന്ന ഔദാര്യം മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദഹിക്കില്ല എന്നും മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കരുതേ എന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് കുറിച്ച മാലാ പാര്‍വ്വതി, ശോഭാ സുരേന്ദ്രന്‍റെ ലക്ഷ്യം ദുല്‍ഖര്‍ ആണെന്നും പൃഥ്വിയില്‍ നിന്ന് തുടങ്ങുന്നതേ ഉള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. നിങ്ങൾ രാജ്യത്തിനൊപ്പമാണോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമാണോ? എന്ന് ശോഭ സുരേന്ദ്രൻ കുറിപ്പില്‍ ചോദിച്ചിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു മാലാ പാര്‍വ്വതി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...
''നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ?
നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ? നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വില കല്‍പിക്കാത്ത അരാജകവാദികൾക്കൊപ്പമോ?"
ശോഭ സുരേന്ദ്രൻ പൃഥ്വിയോട്: ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതാണ്. വായിച്ച് കൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു സംശയം?
''അനധികൃതമായി താമസിക്കുന്നവരും നിയമവിധേയരായ അഭയാർത്ഥികളും" ഇത് ആര് തീരുമാനിക്കുന്നു? എന്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നു?
കേന്ദ്ര സർക്കാർ തീരുമാനിക്കുന്നവർ നിയമ വിധേയർ, അല്ലാത്തവർ അനധികൃത കുടിയേറ്റക്കാർ...! അതിന്റെ അടിസ്ഥാനമാകട്ടെ മതവും.
അത് തന്നെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു എന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും.
പിന്നെ ഇവിടെ താമസിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾ ഭയക്കണ്ട എന്ന ഔദാര്യം നിങ്ങളെ പോലുള്ളവർക്ക് ബോധിക്കുമായിരിക്കും.. ഞങ്ങളെ പോലെയുള്ള മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർക്ക് ദഹിക്കില്ല. പൃഥിരാജ് ഈ മണ്ടൻ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ എന്ന് അഭ്യർത്ഥിക്കുന്നു. വിവാദം ഉണ്ടാക്കാൻ പഴുത് കണ്ടെത്തി വരുകയാ. ലക്ഷ്യം ദുൽഖർ ആവും. പൃഥ്വിയിൽ തുടങ്ങുന്നു എന്നേ ഒള്ളു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ