
കമല്‍ ഹാസന്‍ നായകനായ വിക്രം മറ്റു താരനിര കൊണ്ടും ശ്രദ്ധേയമായിരുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച അമറും വിജയ് സേതുപതി (Vijay Sethupathi) അവതരിപ്പിച്ച സന്ദനവുമാണ് അക്കൂട്ടത്തില്‍ ഏറ്റവുമധികം കൈയടികള്‍ ലഭിച്ച രണ്ട് കഥാാപാത്രങ്ങള്‍. വിക്രത്തിന്‍റെ വന്‍ വിജയത്തില്‍ ഈ കാസ്റ്റിംഗ് നിര്‍ണായകവുമായിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതി നായകനായെത്തുന്ന ഒരു ചിത്രവും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മാമനിതന്‍ (Maamanithan) ആണ് ആ ചിത്രം. കേരളത്തിലുള്‍പ്പെടെ ജൂണ്‍ 24ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങളുള്ള ചിത്രമെന്നാണ് മാമതിനതെക്കുറിച്ച് അണിയറക്കാര്‍ പറയുന്നത്. കെപിഎസി ലളിതയും ഗുരു സോമസുന്ദരവും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗായത്രിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായിക. എട്ടാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. നടുവിലെ കൊഞ്ചം പാക്കാതെ കാണോം, റമ്മി, പുരിയാത പുതിർ, ഒരു നല്ല നാളെ പാത്ത് സൊൽറേൻ, സീതാക്കാതി, സൂപ്പർ ഡീലക്സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്കാക നൊടികൾ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാകും മാമനിതൻ.
റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവൻ ശങ്കർ രാജ, ആർ കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവർ ജൂൺ 18 ന് വൈകിട്ട് കൊച്ചി ലുലു മാളിൽ നടക്കുന്ന പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കും. പിആര്‍ഒ പ്രതീഷ് ശേഖർ.
ALSO READ : മീ ടു വിവാദത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ