ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ശക്തമായി വാദിച്ചതുകൊണ്ടോ? ചർച്ചയിൽ പങ്കെടുപ്പിച്ചില്ല, പ്രതിഷേധിച്ച് മാക്ട

Published : May 05, 2022, 12:01 AM IST
ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ശക്തമായി വാദിച്ചതുകൊണ്ടോ? ചർച്ചയിൽ പങ്കെടുപ്പിച്ചില്ല, പ്രതിഷേധിച്ച് മാക്ട

Synopsis

ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയിൽ 19 യൂണിയനുകളിലായി 6000 അംഗങ്ങളുണ്ടെന്നും ബൈജു കൊട്ടാരക്കര

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധവുമായി മാക്ട ഫെഡറേഷൻ. ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ ശക്തമായി വാദിച്ചതാണ് അവഗണനക്ക് പിന്നില്ലെന്ന് മാക്ട ചെയർമാൻ ബൈജു കൊട്ടാരക്കര കൊച്ചിയിൽ പറഞ്ഞു. സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചത്. ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയിൽ 19 യൂണിയനുകളിലായി 6000 അംഗങ്ങളുണ്ടെന്നും ബൈജു കൊട്ടാരക്കര ചൂണ്ടികാട്ടി.

'പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം'; 'അമ്മ'യ്‌ക്കെതിരെ വീണ്ടും ഷമ്മി തിലകൻ

അതേസമയം മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ  വീണ്ടും വിമർശനവുമായി ഷമ്മി തിലകൻ രംഗത്തെത്തി. ​ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ചർച്ചയിൽ പങ്കെടുത്ത അമ്മയിലെ പ്രതിനിധികൾക്കെതിരെയാണ് ഷമ്മി രം​ഗത്തെത്തിയത്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ വിമർശനം. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്. മൂവരുടേയും ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ പോസ്റ്റ്. 'പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?  സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച്‌ തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..!ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...?  പ്രവചിക്കാമോ..?', എന്നാണ് ഷമ്മി കുറിച്ചത്.

മീറ്റിങ്ങിൽ വ്യക്തത കുറവ് എന്ന് ഡബ്ല്യുസിസി

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന് ഇന്നത്തെ യോഗത്തിലും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പുറത്ത് വിടാനാകില്ലെന്നു സർക്കാർ ആവർത്തിച്ചു. 500 പേജുള്ള റിപ്പോർട്ട് ആണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ചർച്ചയിൽ ഡബ്ല്യുസിസി പൊസിറ്റീവായാണ് പ്രതികരിച്ചത്. ഇന്നാണ് നിർദേശങ്ങൾ കൈമാറിയത്.  എന്തിനെ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ എന്ന് വ്യക്തമാക്കണം. ഹേമ കമ്മിറ്റി  റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ, നിഗമനങ്ങൾ എന്നിവ അറിയേണ്ടത് ഉണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത ഇല്ല. ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്നം അല്ല. ഇന്നത്തെ മീറ്റിങ്ങിൽ വ്യക്തത കുറവ് ഉണ്ടെന്നും ഡബ്ല്യുസിസി പറഞ്ഞു. ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച വേണമെന്നും ഡബ്ല്യുസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു. 

'അമ്മ'യ്ക്ക് യോജിപ്പ്, ഫിലിം ചേംബറിന് എതിർപ്പ്

സർക്കാരിന്റെ 90% നിർദ്ദേശങ്ങളോടും യോജിക്കുന്നു എന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കി. ചിലത് നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ട്. ചർച്ചയെ, നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും നടൻ സിദ്ദിഖ് പറഞ്ഞു. തുല്യവേതനം അടക്കമുള്ള നിർദേശത്തിൽ വ്യക്തകുറവ് ഉണ്ടെന്ന് അറിയിച്ച് അവയെ അമ്മയടക്കമുള്ള സംഘടനകൾ എതിർത്തു. ഭൂരിപക്ഷം നിർദേശങ്ങൾ നടപ്പാക്കുന്നതിൽ തടസ്സമില്ല എന്ന് ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ്‌കുമാർ യോ​ഗത്തിന് ശേഷം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ല. അടൂർ ഗോപാലകൃഷ്ണൻ സമിതി നിർദേശം ആണ് റെഗുലേറ്ററി അതോറിറ്റി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം അറിയേണ്ട കാര്യമില്ല. സർക്കാർ കൃത്യമായ നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും സുരേഷ് കുമാർ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ