
പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകളുമായി വരുന്ന ചിത്രമാണ് മഹാവീര്യര്‍ (Mahaveeryar). പ്രശസ്‌ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവല്‍ ഫാന്‍റസി കോര്‍ട്ട് റൂം ഡ്രാമയാണെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഫാന്‍റസി കടന്നുവരുന്ന ചിത്രമായതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇപ്പോഴിതാ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. മലയാളത്തില്‍ പുതുമയാണ് കോസ്റ്റ്യൂം റിവീലിംഗ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ചിനൊപ്പം കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചാണ് കോസ്റ്റ്യൂം റിവീലിംഗും നടന്നത്. കജോൽ ഗാർഗ് ആണ് സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ.
പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.
ALSO READ : 'ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ', 'എലോൺ' തിയറ്റര്‍ റിലീസ് പറ്റില്ലെന്ന് ഷാജി കൈലാസ്
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഒന്നാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ. ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.