അന്ന് പരാജയം, ഇന്ന് മണിക്കൂറില്‍ 14,000 ടിക്കറ്റുകള്‍! പുതിയ റിലീസുകളെയും ഞെട്ടിച്ച് ആ ചിത്രം

Published : May 24, 2025, 09:05 PM IST
അന്ന് പരാജയം, ഇന്ന് മണിക്കൂറില്‍ 14,000 ടിക്കറ്റുകള്‍! പുതിയ റിലീസുകളെയും ഞെട്ടിച്ച് ആ ചിത്രം

Synopsis

15 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലെത്തുന്ന ചിത്രം

നിര്‍മ്മാതാക്കളെ സംബന്ധിച്ച് ലോട്ടറി എടുക്കുന്നതുപോലെയാണ് പഴയ സിനിമകളുടെ റീ റിലീസ്. ചിലപ്പോള്‍ മികച്ച പ്രതികരണവും മറ്റു ചിലപ്പോള്‍ പ്രേക്ഷകര്‍ തിരിഞ്ഞുനോക്കാത്ത സാഹചര്യവും വരാം. മലയാളത്തിലുള്‍പ്പെടെ ഇന്‍ഡസ്ട്രിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ റീ റിലീസുകള്‍ ഉണ്ടായിട്ടുമുണ്ട്. ഇപ്പോഴിതാ ആ ഗണത്തില്‍ ഏറ്റവും അവസാനം ശ്രദ്ധ നേടിയിരിക്കുന്ന ചിത്രം തെലുങ്കില്‍ നിന്നാണ്. മഹേഷ് ബാബു നായകനായ ആക്ഷന്‍ ഡ്രാമ ചിത്രം ഖലീജയാണ് അത്. 

ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2010 ല്‍ ആയിരുന്നു. എന്നാല്‍ അന്ന് ബോക്സ് ഓഫീസില്‍  ദുരന്തമായി മാറിയ ചിത്രമാണിത്. എന്നാല്‍ പില്‍ക്കാലത്ത് ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ കാഴ്ചകളിലൂടെ പ്രേക്ഷകര്‍ക്ക് ഖലീജയോടുള്ള അഭിപ്രായം മാറി. അവരുടെ പ്രിയ ചിത്രങ്ങളില്‍ ഒന്നായി മാറി. ഒരു റീ റിലീസിന് നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചതും അതാവാം. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനമായ മെയ് 30 നാണ് ചിത്രത്തിന്‍റെ റീ റിലീസ്. 

ഇന്നലെയാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഇന്നലെ റിലീസ് ആയ പല ചിത്രങ്ങളേക്കാളും മികച്ച പ്രതികരണമാണ് ഖലീജയുടെ അഡ്വാന്‍സ് ബുക്കിംഗിന് ലഭിച്ചത്. മണിക്കൂറില്‍ 13,000- 14,000 ടിക്കറ്റുകള്‍ വിറ്റ ഖലീജ ഇന്നലെ ആകെ വിറ്റത് 60,000 ല്‍ അധികം ടിക്കറ്റുകളാണ്. തെലുങ്ക് റീ റിലീസുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബുക്കിംഗ് ആണ് ഇത്. അഡ്വാന്‍സ് ബുക്കിംഗിലെ പ്രതികരണം കണ്ട് തിയറ്റര്‍ ഉടമകള്‍ ചിത്രത്തിന് അഡീഷണല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ട്രെന്‍ഡ് ഇതാണെങ്കില്‍ ചിത്രം ആദ്യ ദിനം 8-10 കോടി നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രാക്കര്‍മാരില്‍ പലരുടെയും അഭിപ്രായം. വാരാന്ത്യ കളക്ഷന്‍ 20 കോടി വരെ എത്തിയേക്കാമെന്നും. അതേസമയം ആദ്യ ദിനം കഴിഞ്ഞുള്ള ദിവസങ്ങളാണ് ഒരു റീ റിലീസ് ചിത്രത്തിന്‍റെ ജയ, പരാജയങ്ങളില്‍ നിര്‍ണ്ണായകമാവുക. ആദ്യ ദിനം ആരാധകരാവും തിയറ്ററുകളില്‍ എത്തുക. ഒരു റീ റിലീസ് ചിത്രം വിജയമാവണമെങ്കില്‍ തുടര്‍ ദിനങ്ങളിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തണം. അനുഷ്കയാണ് ചിത്രത്തിലെ നായിക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും