
നടി മാലാ പാര്‍വതിയെ കുടുക്കാന്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. നടിക്ക് വന്ന കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. പൊലീസ് ആണെന്ന് പറഞ്ഞ്, ചോദ്യം ചെയ്യലിനെന്ന പേരില്‍ ഒരു മണിക്കൂറോളം താരത്തെ ഡിജിറ്റല്‍ കുരുക്കില്‍ പെടുത്തുകയും ചെയ്തു. ഒടുവില്‍ ഇത് സൈബര്‍ തട്ടിപ്പാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ശ്രമത്തില്‍നിന്നും നടി രക്ഷപ്പെട്ടത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നടി മാലാ പാര്‍വതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
മാലാ പാര്‍വതി പറയുന്നത് ഇങ്ങനെ:
മധുരയില്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. രാത്രി മുഴുവൻ സിനിമയുടെ ഷൂട്ടായിരുന്നു. പത്ത് മണിക്കാണ് കോള്‍ വന്നത്. ഡിഎച്ചില്‍ നിന്ന് ഒരു പാഴ്‍സല്‍ തടഞ്ഞുവെവെന്ന് പറയുകയായിരുന്നു അവര്‍. മുമ്പ് എനിക്ക് ഇത് സംഭവിച്ചിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു പാഴ്‍സല്‍ വന്നപ്പോള്‍, കസ്റ്റംസ് തടഞ്ഞുവെച്ചു എന്ന് എന്നോട് പറയുകയും പൈസ അടക്കുകയും ചെയ്‍തിട്ടുണ്ട്. അത് ഓര്‍മയിലുള്ളതിനാല്‍ ഇത് സത്യമായിരിക്കുമെന്ന് താൻ വിചാരിച്ചു.
കസ്റ്റമര്‍ കെയര്‍ ഫോണ്‍ കണക്റ്റായി. വിക്രം സിംഗെന്ന ഒരു മനുഷ്യനാണ് വിശ്വസനീയമായി സംസാരിച്ചത്. നിങ്ങളുടെ ആധാര്‍ കാര്‍ഡു ദുരുപയോഗപ്പെടുത്തിയെന്ന് പറഞ്ഞ അയാള്‍ തായ്‍വാനിലേക്ക് ഒരു കൊറിയര്‍ തന്റെ പേരില്‍ പോയിട്ടുണ്ട് എന്നും വ്യക്തമാക്കി. ഇത് വലിയ തട്ടിപ്പാണെന്നും പറഞ്ഞു അവര്‍. വേണമെങ്കില്‍ പരാതി പറയുന്നത് നല്ലതായിരിക്കും. ഇത് അന്വേഷിക്കുന്ന ഒരു സംഘമുണ്ടെന്നും പറഞ്ഞു അവര്‍.
അങ്ങനെ പൊലീസിലേക്ക് ഫോണ്‍ കണക്റ്റാക്കി. പ്രകാശ് കുമാര്‍ ഗുണ്ടു എന്ന പേരു പറഞ്ഞ ആളാണ് സംസാരിച്ചത് ആധാര്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്‍കിയിരുന്നോവെന്ന് അയാള്‍ ചോദിച്ചു. ആധാര്‍ കാര്‍ഡാണ് ഐഡിയായി സിനിമാ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നത് എന്ന് ഞാൻ വ്യക്തമാക്കി. അങ്ങനെ ആധാര്‍ കാര്‍ഡ് ആര്‍ക്കും ഒരിക്കലും നല്‍കരുതെന്ന് അയാള്‍ എന്നോട് നിര്‍ദ്ദേശിച്ചു. ആധാര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്.. മുംബൈ ക്രൈംബ്രാഞ്ചാണെന്ന്ഉറപ്പിക്കുന്നതെങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഐഡി തനിക്ക് അയച്ചു. ഇപ്പോള്‍ മുംബൈയിലേക്ക വരൂ നിങ്ങളെന്നും അയാള്‍ പറഞ്ഞു.
സിനിമാ തിരക്കിലാണ് ഇപ്പോള്‍ വരാനാകില്ല എന്ന് ഞാൻ വ്യക്തമാക്കുകയും ചെയ്‍തു. കുറച്ച് സമയം തങ്ങളോട് സഹകരിക്കണമെന്ന് പറയുകയായിരുന്നു അപ്പോള്‍ അയാള്‍. ലൈവില്‍ നില്‍ക്കണം. നിങ്ങളുടെ സുരക്ഷയ്‍ക്കാണ് ഇത് ചെയ്യുന്നത്. ഇത് മറ്റുള്ളവരോട് പറയുന്നത് അപകടമാണ്. ഇങ്ങനെ പുറത്ത് പറഞ്ഞതിനാല്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്‍തിട്ടുണ്ട്. ഇത് ഭയങ്കര ഒരു റാക്കറ്റാണ്. 12 സംസ്ഥാനങ്ങളില്‍ തന്റെ പേരില്‍ തട്ടിപ്പുകാര്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നിയമവിരുദ്ധമായി തുടങ്ങിയിട്ടുണ്ട് എന്നും അയാള്‍ വ്യക്തമാക്കി. കോടിക്കണക്കിന് രൂപ തന്റെ പേരില്‍ തട്ടിപ്പുകാര്‍ കൈമാറ്റം ചെയ്‍തിട്ടുണ്ട് എന്നും അയാള്‍ പറഞ്ഞു.
വാട്‍സാപിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.. അറസ്റ്റിലായ ആളുടെ ഫോട്ടോ അയച്ചുതന്നിരുന്നു.. നിയമവിരുദ്ധമായി പണം വന്നിട്ടുണ്ടോ
എന്ന് അവര്‍ ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു ഞാൻ. നിങ്ങളുടെ ബാങ്കുകള്‍ ഏതൊക്കെ എന്നും ചോദിച്ചു അവര്‍. 72 മണിക്കൂര്‍ താൻ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു അവര്‍. ഫോണ്‍ അവര്‍ ഹോള്‍ഡ് ചെയ്യുകയായിരുന്നു.
അന്നേരം ഗൂഗിളില്‍ താൻ അവരെ കുറിച്ച് തെരഞ്ഞു. കാരണം ഐഡിയില്‍ അശോക സ്‍തംഭമില്ലായിരുന്നു. അത് ട്രാപ്പാണെന്ന് പറയുന്നുണ്ടായിരുന്നു മാനേജറും. പ്രകാശ് കുമാര്‍ ഗുണ്ടുവിന്റെ പേരില്‍ ഒരു ട്വീറ്റ് വായിച്ചിട്ടുണ്ടായിരുന്നു നേരത്തെ. ഞാൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് ഫോണ്‍ കൊടുത്തു. അപ്പോള്‍ അവര്‍ കട്ട് ചെയ്‍തു. അവര്‍ എന്നോട് പണം ചോദിച്ചിട്ടില്ല. അവര്‍ പിന്നീട് വിളിച്ചിട്ടില്ല. പണം നഷ്‍ടപ്പെട്ടിട്ടില്ല. പക്ഷേ പണം ആര്‍ക്കെങ്കിലും നഷ്‍ടപ്പെട്ടിട്ടുണ്ടാകില്ലേ. ഇതിന് പരാതിപ്പെടാൻ ഒരു പ്രതിവിധിയില്ല. അതാണ് കഷ്‍ടം.
Read More: ആ വൻ താരം നിരസിച്ചു, വേട്ടയ്യനിലേക്ക് ഒടുവില്‍ ഫഹദെത്തി, പിന്നീട് നടന്നത് ചരിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ