Actress assault case : നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ നീക്കം, ഉപവാസ സമരവുമായി നടൻ രവീന്ദ്രൻ

By Web TeamFirst Published Apr 28, 2022, 4:26 PM IST
Highlights

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി നടൻ രവീന്ദ്രൻ (Actress assault case).

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടൻ രവീന്ദ്രൻ ഉപവാസ സമരത്തിന്. ഫ്രണ്ട്‍സ് ഓഫ് പി ടി ആൻഡ് നേച്ചറിന്റെ നേതൃത്വത്തിലാണ് നാളെ ഉപവാസം. അതിജീവിതയ്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപവാസ സമയം. രാവിലെ 9 മണിക്ക് തുടങ്ങുന്ന പ്രതിഷേധ പരിപാടി അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും (Actress assault case).

അഞ്ച് വര്‍ഷത്തിന് ശേഷം ഇറങ്ങിയ പ്രതിഷേധ സമരമായിട്ടല്ല ഇതിനെ കാണേണ്ടത് എന്ന് രവീന്ദ്രൻ പറഞ്ഞു. അതിജീവിതയ്‍ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പി ടി തോമസായിരുന്നു. ഇതേ ഗാന്ധി പ്രതിമയ്‍ക്ക് മുന്നില്‍ നിന്ന് സമരം ചെയ്‍തയാളാണ്. ഈ വിഷയം ജന ശ്രദ്ധയില്‍ പെടുത്തിയതും അതിന്റെ ഗൗരവം  അധികാരികള്‍ക്കുണ്ടാക്കികൊടുത്തതും പി ടി തോമസാണ്.  അഞ്ച് വര്‍ഷം നീണ്ടുനിന്ന ഒരു പോരാട്ടത്തിന്റെ രണ്ടാം ഭാഗമെന്ന് മാത്രം സമരത്തെ കണ്ടാല്‍ മതി. ഇപ്പോള്‍ വരുന്ന, നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം നമ്മളെ ആശങ്കപ്പെടുത്തുന്നതാണ്.  അതിജീവിതയ്‍ക്ക് നീതി ലഭിക്കുമോ എന്നുള്ളതാണ് നമ്മള്‍ നോക്കുന്നത്.  ആ നീതിയെ അട്ടിമറിക്കാൻ പ്രവര്‍ത്തിച്ച ആരെല്ലാം, എല്ലാവരും ശിക്ഷിക്കപ്പെടേണ്ടവരാണ്. ശരിക്കും പറഞ്ഞാല്‍ ഉപ്പു തിന്നവര്‍ വെള്ളംകുടിക്കേണ്ടവരാണ്. ഇവിടെ യഥാര്‍ഥമായിട്ടുള്ള ന്യായപരമായിട്ടുള്ള, ഒരു നീതി അതിജീവിതയ്‍ക്ക് കിട്ടേണ്ടതാണ് എന്നും രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: ദിലീപുമായി പണമിടപാട് നടത്തിയ വൈദികന്റെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസിൽ തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദികനായ വിക്ടറിന്‍റെ മൊഴിയെടുത്തു. ദിലീപിന്‍റെ ഫോണിൽ നിന്ന് വൈദികന്‍റെ അക്കൗണ്ടിൽ പണം നൽകിയതിന്‍റെ രേഖ  ലഭ്യമായ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. എന്നാൽ ദിലീപുമായി സൗഹൃദമുണ്ടെന്നും  ദിലീപിന്‍റെ വീട്ടിൽ ബാലചന്ദ്രകുമാറിന്‍റെ ഒപ്പം പോയിരുന്നതായും  വിക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ആലുവ പൊലീസ് ക്ലബിൽ വെച്ചാണ് മൊഴി എടുത്തത്.

സംവിധായകൻ ബാലചന്ദ്രകുമാർ വൈദികൻ വഴി  തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അഭിഭാഷകരുടെ ഫോൺ സംഭാഷണം പുറത്ത് വിട്ട ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ ഹർജി വന്നു. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥ് ആണ് ഹർജി നൽകിയത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണത്തിൻമേൽ പോലീസിന് അന്വേഷണം നടത്താനാകില്ലെന്നും തുടർന്നപടി കോടതി തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Read More : നടി ആക്രമിക്കപ്പെട്ട കേസ്: കോടതി രേഖകള്‍ ചോര്‍ന്നതിനെ ചൊല്ലി ജഡ്‍ജിയും പ്രോസിക്യൂഷനും തമ്മില്‍ വാഗ്വാദം

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകള്‍ ചോര്‍ന്നതിനെ ചൊല്ലി വിചാരണ കോടതിയില്‍ ജഡ്‍ജിയും പ്രോസിക്യൂഷനും തമ്മില്‍ വാഗ്വാദം. ദിലീപിന്‍റെ അഭിഭാഷകന്‍ രേഖാമൂലം നല്‍കിയ കോപ്പികള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യം നോക്കാന്‍ കോടതിക്കറിയാമെന്നും വിചാരണ കോടതി ജഡ്‍ജി പറഞ്ഞു. എന്നാല്‍ ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെനും കോടതി ജീവനക്കാരെ സ്വാധീനിച്ചോയെന്ന് അന്വേഷിക്കേണ്ടതാണെന്നും പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള മുന്നു ഹർജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതി രേഖകള്‍  പ്രതികളുടെ ഫോണിലെത്തിയതു സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നടപടിയില്ലാത്തത് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയത്.  എന്നാല്‍ രഹസ്യരേഖകളൊന്നും പുറത്തുപോയിട്ടില്ലെന്ന് കോടതി നിലപാടെടുത്തു.

നിലവില്‍ പുറത്തുവന്നത് എ 1 ഡയറിയുടെ ഭാഗങ്ങളും ചണ്ഡിഗഡിലെ ലാബില്‍ ഡിജിറ്റല്‍ പരിശോധനക്കായി കോണ്ടുപോകാന്‍ അനുവദിച്ചുകെണ്ടുള്ള കോടതി ഉത്തരവുമാണ്. ഇതു രണ്ടും രഹസ്യരേഖയല്ല. പുറത്തുവന്ന രേഖയിലെ ഒപ്പ് വിചാരണകോടതി ജഡ്‍ജിയുടേതുമല്ല. ഈ രണ്ടു രേഖകളുടെയും പകർപ്പ്  പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ അപേക്ഷയില്‍  നല്‍കിയിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.  ഇതിന്‍റെയൊക്കെ അടിസ്ഥാനത്തില്‍ കോടതി ജിവനക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസിന് എന്തധികാരമെന്നുചോദിച്ച കോടതി, ജീവനക്കാരുടെ കാര്യം നോക്കാന്‍ കോടതിക്കറിയാമെന്നും വ്യക്തമാക്കി.  എന്നാല്‍ രഹസ്യരേഖ ചോര്‍ന്നിട്ടുണ്ടെന്നും അതിന് കൂടുതല്‍ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.

click me!